അന്ന് ഞാന്‍ ആ സീരിയലിലെ നായകന്‍, അവന്‍ സുഹൃത്തിന്റെ വേഷത്തിലും; ജയസൂര്യയെ കുറിച്ച് ഇര്‍ഷാദ്

മലയാള സിനിമാലോകം അംഗീകരിക്കുന്ന നിലയിലേക്ക് ജയസൂര്യ എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അദ്ദേഹത്തിന്റെ അത്മസമര്‍പ്പണം തന്നെയാണ് എന്ന് നടന്‍ ഇര്‍ഷാദ് .

ജിന്‍ജര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്.

‘ഞാന്‍ നിലാമഴ എന്ന സീരിയലില്‍ നായകനായി അഭിനയിക്കുമ്പോള്‍ അതില്‍ എന്റെ സുഹൃത്തായി അഭിനയിച്ചയാളാണ് ജയസൂര്യ. തൃശൂരാണ് സീരിയലിന്റെ ഷൂട്ട് നടക്കുന്നത്. ആ സമയത്ത് കോട്ടയം നസീറിനൊപ്പം മലബാര്‍ ഭാഗങ്ങളില്‍ ജയസൂര്യ മിമിക്രി ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ആള്‍ക്ക് മുറിയൊന്നുമില്ല.

പരിപാടി കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു, തൃപ്പൂണിത്തറ പോയി അടുത്ത ദിവസം തിരിച്ച് തൃശൂരിലേക്ക് ഷൂട്ടിന് വരുന്നതിന് പകരം എന്റെ മുറിയില്‍ വന്ന് നിന്നോട്ടെയെന്ന് ചോദിച്ചു. ഞാന്‍ വരാന്‍ പറഞ്ഞു.
കോഴിക്കോട് നിന്നും എത്താന്‍ പുലര്‍ച്ചെ രണ്ട് മണിയാകുമെന്ന് ജയസൂര്യ പറഞ്ഞതു കൊണ്ട് ഞാന്‍ വാതിലടച്ചില്ല. ഞാന്‍ ഉറങ്ങിയും പോയി. പുലര്‍ച്ചെ എണീറ്റ് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഉറങ്ങാതെ ഡാന്‍സ് പരിശീലനം നടത്തുന്ന ജയസൂര്യയെയാണ്,’ ഇര്‍ഷാദ് പറഞ്ഞു.

നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ വിജയിക്കാന്‍ സാധിക്കുവെന്നും അതിന് തന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജയസൂര്യയെന്നും അദ്ദേഹം പറഞ്ഞു.