'എയര്‍പോട്ടിലെ ബാത്ത്‌റൂമില്‍ വെച്ച് മ്യൂസിക് വിത്ത് മസില്‍സ് ഷോ ദിലീപിന് കാണിച്ചു കൊടുത്തു'; ഹിറ്റ് സീന്‍ പിറന്നതിനെ കുറിച്ച് ഇന്നസെന്റ്

കല്യാണരാമന്‍ ചിത്രത്തില്‍ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും താരത്തേക്കാള്‍ ആരാധകര്‍ ഉണ്ടായത് മിസ്റ്റര്‍ പോഞ്ഞികരയ്ക്കും പ്യാരിക്കുമാണ്. മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇന്നസെന്റ് അവതരിപ്പിച്ച പോഞ്ഞിക്കര എന്ന കഥാപാത്രം.

എന്നാല്‍ പോഞ്ഞിക്കര എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല എന്നാണ് ഇന്നസെന്റ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ദിലീപിന്റെ നിര്‍ബന്ധമാണ് പോഞ്ഞിക്കര ചെയ്യാന്‍ കാരണമെന്നും ഇന്നസെന്റ് പറയുന്നു.

കല്യാണരാമന്റെ കഥ ആദ്യം കേട്ടപ്പോള്‍ ഇഷ്ടം തോന്നിയില്ല. പോഞ്ഞിക്കര എന്ന കഥാപാത്രവും ബോധിച്ചിരുന്നില്ല. കഥാപാത്രം ഇഷ്ടപ്പെട്ടില്ലെന്ന് ദിലീപിനോടും പറഞ്ഞു. അന്ന് ദിലീപ് നമുക്ക് അഭിനയിക്കുമ്പോള്‍ ശരിയാക്കാം എന്ന് പറഞ്ഞു. മുമ്പും തങ്ങള്‍ അത്തരത്തില്‍ അഭിനയിച്ച് കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം താന്‍ ദിലീപിനോട് മ്യൂസിക്ക് വിത്ത് ബോഡി മസില്‍സ് എന്ന് പറഞ്ഞു. പണ്ട് കൊച്ചിന്‍ ഹനീഫ ഒരു പാട്ട് ഇതേ ട്യൂണില്‍ പാടി നടക്കാറുണ്ടായിരുന്നു. ആ രീതി പിടിച്ച് എയര്‍പോട്ടിലെ ബാത്ത്‌റൂമില്‍ വച്ച് മ്യൂസിക് വിത്ത് ബോഡി മസില്‍സ് താന്‍ ദിലീപിന് കാണിച്ചു കൊടുത്തു.

Read more

അവന് ചിരിച്ചിട്ട് ബോധം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് തിരക്കഥയില്‍ ഈ ഭാഗം വരുന്നത് എന്നാണ് ഇന്നസെന്റ് പറയുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ 2002ല്‍ ആണ് കല്യാണരാമന്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, ലാലു അലക്‌സ്, സലിം കുമാര്‍, ലാല്‍, ജ്യോതിര്‍മയി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.