'ഡാഡി കൂള്‍ ഫ്‌ളോപ്പായത് ഒരു പാഠമായി, അതോടെ തിരക്കഥ എഴുതുന്ന പണി നിര്‍ത്തി'- ആഷിഖ് അബു

ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രം ഫ്‌ളോപ്പായതോടെ തിരക്കഥ എഴുതുന്ന പണിയില്‍നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ആഷിഖ് അബു. മായാനദിയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

ഡാഡി കൂള്‍ എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിച്ച് വരവെയാണ് ആഷിഖ് അബു ഇക്കാര്യം പറഞ്ഞത്. ഡാഡി കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു. പക്ഷെ, അത് ചെയ്ത് വന്നപ്പോള്‍ വേറെ ആയി പോയി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ കുഴപ്പമായിരുന്നു അത്. പിന്നീട് ഞാനാ പണി നിര്‍ത്തി. പിന്നീടാണ് ശ്യാമിനെ പരിചയപ്പെടുന്നത്.

ഒരു യാത്രയിലാണ് ശ്യാം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ആശയം പങ്കുവെയ്ക്കുന്നത്. മറ്റൊരു സംവിധായകനോട് പറയാന്‍ വെച്ച കഥയായിരുന്നു അത്. അയാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ശ്യാം സംസാരിച്ചത്. എന്നാല്‍, ഇത് നമുക്ക് ചെയ്താല്‍ എന്താണെന്ന സംസാരമുണ്ടാകുകയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പിറക്കുകയുമായിരുന്നു.

മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല ലെയറുകളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു ചിത്രമായിരുന്നു എന്നും ആഷിഖ് അബു പറഞ്ഞു.