‘ആട് 2 നിറയെ സസ്‌പെന്‍സുകള്‍’; സംവിധായകന്‍ മിഥുന്‍ ഇമാനുവലിന് പറയാനുള്ളത്

‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ ഷാജി പാപ്പനും മറ്റു മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പഴയ കഥാപാത്രങ്ങള്‍ക്കോടൊപ്പം മറ്റു ചില കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കും. അത് ആരൊക്കെ, എന്തൊക്കെ എന്നുള്ളത് തത്കാലം ഞങ്ങള്‍ സസ്പെന്‍സ് ആയി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവില്‍ പുറത്തിറക്കിയ പോസ്റ്ററുകളില്‍ പോലും അവരെ ഉള്‍പ്പെടുത്തിയിട്ടില്ല. തിയേറ്ററുകളില്‍ സിനിമ എത്തുമ്പോഴേ അവര്‍ ആരൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുകയുള്ളൂ. കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് ഷാജി പാപ്പനും കൂട്ടരുമെങ്കിലും ചില സോഷ്യല്‍ എലമെന്റുകളും കഥയില്‍ ഉണ്ട്, പക്ഷെ ഒരു ഭൂതനാത്മക സിനിമയൊന്നും ആവില്ല. ആട് 2 ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ തന്നെയാണെന്നും സംവിധായകന്‍ വ്യക്തമാക്കി

തിയേറ്ററുകളില്‍ വിജയം കിട്ടാത്ത സിനിമയാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. അത് ഒരുപാട് വിഷമം ഉണ്ടാക്കി. എന്നാല്‍ ചിത്രം തിയേറ്ററുകള്‍ വിട്ട് ഡിവിഡി, ടോറന്റ്, ടെലിവിഷന്‍ പ്ലാറ്റ്ഫോമുകളില്‍ വന്‍ സ്വീകാര്യത നേടി. അതോടൊപ്പം സിനിമയിലെ ജയസൂര്യയുടെ കഥാപാത്രമായ ഷാജി പാപ്പന്‍ ഉള്‍പ്പടെ പല കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകള്‍ കൈയടക്കി. ടിവിയിലും അതുപോലെ നെറ്റില്‍ നിന്ന് എടുത്തുകണ്ടവരും സിനിമയെ കുറിച്ച് നേരിട്ടും നവമാധ്യമങ്ങള്‍ വഴിയും നല്ല അഭിപ്രായങ്ങള്‍ തന്നു. പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച തന്നെയായി. കഥാപാത്രങ്ങള്‍ ട്രോളുകള്‍ക്ക് വഴിമാറി ഹിറ്റാവുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു

തീയറ്ററില്‍ പരാജമായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം സാധാരണ രീതിയില്‍ ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എന്നാല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ ഗതി മറ്റൊന്നായിരുന്നു. തീയറ്ററില്‍ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പന് വന്‍തോതില്‍ ആരാധകരുണ്ടായി. എല്ലാവരും ആസ്വദിച്ച സിനിമ തീയറ്ററുകളില്‍ പരാജയമായതിന്റെ ക്ഷീണം തീര്‍ക്കാന്‍ അവര്‍ വീണ്ടും എത്തുകയാണ്. ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ മിഥുന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.നിര്‍മാതാവ് വിജയ് ബാബുവാണ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ ആട് രണ്ടാം ഭാഗത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് തിയേറ്ററുകളിലെത്തുന്നത്.