'റിലീസിന് മുമ്പ് ഒരു പാട്ട് അങ്ങ് ഇറക്കും, പ്രേമം പോലെ തന്നെ..., ഗോൾഡിന് ട്രെയിലർ ഇല്ല'; അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രനാണ് പുറത്ത് വിട്ടത്. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അൽഫോൺസ് പുത്രൻ  പങ്കുവച്ച ഒരു പേസ്റ്റിന് വന്ന കമന്റിന് മറുപടിയായി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ഗോൾഡ് സിനിമയുടെ ട്രെയിലർ ഇറക്കി കൂടെ എന്ന് ഒരു ആരാധകൻ തന്റെ പോസ്റ്റിന് കമന്റായി ചോദിച്ചു. “ട്രെയിലർ ചെലപ്പോഴേ ഉണ്ടാവുള്ളു ബ്രോ. ഒരു പാട്ട് മിക്കവാറും റിലീസിന് മുമ്പ് ഉണ്ടാകും” അൽഫോൺസ് മറുപടിയായി നൽകി. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾഡ്. ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. അതേസമയം ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയന്താരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയിട്ടാണ്.

ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.