'മുഖ്യമന്ത്രി ഇടപെടണം, ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ';മോശം കമന്റുകൾക്ക് എതിരെ മാളവിക മേനോൻ

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോൻ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ നടിക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾ നേരിടുന്നതിനെ കുറിച്ചും തുറന്ന് പറയുകയാണ് മാളവിക. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങളെ കുറിച്ച് അവർ തുറന്ന് പറഞ്ഞത്.

ചില കമന്റുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നൽകുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ട് താൻ തന്നെയാണ് കെെകാര്യം ചെയ്യുന്നത്. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ പ്ലാൻഡ് ആയി ഒന്നും ചെയ്യുന്ന ആളല്ല താനെന്നും മാളവിക പറഞ്ഞു. തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത സമയങ്ങളുണ്ട്. അങ്ങനെയുള്ളപ്പോൾ എടുക്കില്ല. അതുപോലെ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്ന കാര്യവും.

കൂടാതെ സോഷ്യൽ മീഡിയയിലെ ട്രോളുകളും മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെയും മാളവിക പിന്തുണയ്ക്കുകയാണ് അഭിമുഖത്തിൽ. ‘ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്.

ഗായത്രി സുരേഷ് പറഞ്ഞ പോലെ മുഖ്യമന്ത്രി ഇടപെടണം. ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായൊരു നിയമം വന്നാൽ ഇതിനൊക്കെ ഒരു കുറവ് വരും. അവർക്ക് പേടിയില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. നല്ലൊരു നിയമം വന്നാൽ നല്ലതായിരിക്കുമെന്നും മാളവിക പറഞ്ഞു.