എന്നെ നോക്കി ഡയലോഗ് പറയാന്‍ ആ നടന്‍ വിസമ്മതിച്ചു, സംവിധായകനോട് സംസാരിച്ചപ്പോള്‍ ഷൂട്ട് നിര്‍ത്തി..: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര. അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തന്നെ നോക്കി ഡയലോഗ് പറയാന്‍ പോലും ഒരു താരം വിസമ്മതിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍. ഒരു ഹിറ്റ് സിനിമയെ കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്.

”ഷൂട്ട് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അതൊരു മോണോലോഗ് ആയിരുന്നു. ഞാന്‍ ആ നടന്റെ പേര് പറയുന്നില്ല, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഊഹിച്ചോളൂ. ആ നടന് എന്നെ കുറിച്ച് എന്ത് തോന്നുന്നു എന്നതിനെ കുറിച്ചുള്ള ഒരു മോണോലോഗ് ആയിരുന്നു അത്. പക്ഷെ എന്നെ നോക്കികൊണ്ട് അത് പറയാന്‍ അയാള്‍ വിസമ്മതിച്ചു.”

”അതുകൊണ്ട് എനിക്ക് പറയാനുള്ള ഡയലോഗിലേക്ക് എത്തിച്ചേരാന്‍ എനിക്ക് സാധിച്ചില്ല. ഒടുവില്‍ ഞാന്‍ സംവിധായകനോട് സംസാരിച്ചു. ‘ഒന്നിച്ച് ജോലി ചെയ്യുന്ന താരത്തെ ഞാന്‍ അഭിനന്ദിക്കുന്നു, പക്ഷെ ഇത് എനിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്’ എന്ന് സംവിധായകനോട് പറഞ്ഞു.”

”അതോടെ അന്നത്തെ ഷൂട്ടിംഗ് നിര്‍ത്തി, ഹോട്ടലില്‍ തിരിച്ചെത്തി. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് ആ രംഗം വായിച്ചു, നന്നായി ചെയ്തു” എന്നാണ് പ്രിയങ്ക ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഏത് ചിത്രത്തിന് ഇടയിലായിരുന്നു ഇത് സംഭവിച്ചതെന്നോ ഏത് താരത്തെ കുറിച്ചാണോ താരം സംസാരിച്ചതെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല.