ദീപിക പദുക്കോണിനെ ‘പുരോഗമനവാദി’ എന്ന് വിശേഷിപ്പിച്ച് നടി കൊങ്കണ സെന്‍ ശര്‍മ്മ. ദീപിക ഉന്നയിച്ച ദിവസവും 8 മണിക്കൂര്‍ ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ശക്തമാവുന്നതിനിടെയാണ് കൊങ്കണ താരത്തെ പിന്തുണച്ച് സംസാരിച്ചത്. ദീപികയെ പോലെ ഒരുപാടുപേരെ നമുക്ക് ആവശ്യമുണ്ടെന്നും കൊങ്കണ വ്യക്തമാക്കി.
സിനിമാ വ്യവസായത്തില്‍ ചില നിയമങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. നമുക്ക് 14-15 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയില്ല. നമുക്ക് 12 മണിക്കൂര്‍ ടേണ്‍ എറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി ലഭിക്കണം, പ്രത്യേകിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക്. അത് തുല്യമായിരിക്കണം.
നടന്‍മാര്‍ വൈകി വരികയും വൈകി ജോലി ചെയ്യുകയും സ്ത്രീകള്‍ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. പല നടന്‍മാരും ഒരു പ്രശ്‌നവുമില്ലാതെ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെയൊന്ന് ആവശ്യപ്പെടുന്ന ആദ്യത്തെയാള്‍ താനല്ല.
സത്യത്തില്‍, ഒരുപാട് നടന്‍മാര്‍ വര്‍ഷങ്ങളായി 8 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്, അത് ഒരിക്കലും വാര്‍ത്തയായിട്ടില്ല എന്നാണ് കൊങ്കണ ഫിലിംഗ്യാന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, എട്ട് മണിക്കൂര്‍ ഷിഫ്റ്റും മറ്റ് വ്യവസ്ഥകളും ഉന്നയിച്ചതിനാല്‍ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും നടിയെ പുറത്താക്കിയിരുന്നു.
Read more
നടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസും ദീപിക ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം അറിയിച്ചിരുന്നു.








