അഞ്ച് വര്‍ഷം ലിവിംഗ് റിലേഷന്‍ഷിപ്പ്, സെയ്ഫിനെ വിവാഹം ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നു; വെളിപ്പെടുത്തി കരീന

അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമായിരുന്നു കരീന കപൂറും സെയ്ഫ് അലിഖാനും വിവാഹിതരായത്. എന്തുകൊണ്ടാണ് ലിവിംഗ് റിലേഷന്‍ തുടരാതെ വിവാഹിതരായത് എന്ന തീരുമാനത്തിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് കരീന ഇപ്പോള്‍.

”ഞങ്ങള്‍ അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയതിന് കാരണം ഞങ്ങള്‍ക്ക് കുട്ടികള്‍ വേണം എന്നതായിരുന്നു” എന്നാണ് കരീന പറയുന്നത്. ഡേര്‍ട്ടി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന സംസാരിച്ചത്. കരീന-സെയ്ഫ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ്. തൈമൂറും ജേയും.

കുട്ടികളെ വളര്‍ത്തുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അഭിമുഖത്തില്‍ കരീന പങ്കുവെക്കുന്നുണ്ട്. ”വ്യക്തികളായാണ് ഞങ്ങള്‍ മക്കളെ കാണുന്നത്. ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അവര്‍ എങ്ങനെയാണോ അങ്ങനെ ആവട്ടെ എന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ അവരുടെ വഴി സ്വയം കണ്ടെത്തിക്കോളും.”

”എന്റെ മക്കളുടെ മുന്നില്‍ എനിക്ക് സ്വന്തം ജീവിതം ജീവിക്കണം. അവരുമൊത്ത് എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യണം. സന്തോഷമായി ഇരിക്കുക എന്നതാണ് പ്രധാനം. അവര്‍ മിടുക്കന്മാരായിക്കോളും” എന്നും കരീന വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ‘ജാനേ ജാന്‍’ ആണ് കരീനയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കരീന നായികയാവുന്ന ‘ദി ബെക്കിങ്ഹാം മര്‍ഡേഴ്‌സ്’ എന്ന ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ദ ക്രൂ’, ‘സിങ്കം എഗെയ്ന്‍’ എന്നീ സിനിമകളാണ് കരീനയുടെതായി ഇനി ഒരുങ്ങുന്നത്.