അതൊരു ദുരന്ത സിനിമ, ഇങ്ങനൊരു പേരുള്ള ചിത്രം ആരെങ്കിലും കാണുമോ?; അക്ഷയ് കുമാറിന്റെ ഹിറ്റ് സിനിമയെ വിമര്‍ശിച്ച് ജയ ബച്ചന്‍

ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയ സിനിമയെ ഫ്‌ളോപ്പ് സിനിമയാണെന്ന് വിശേഷിപ്പിച്ച് ജയ ബച്ചന്‍. അക്ഷയ് കുമാറിന്റെ ‘ടോയ്‌ലെറ്റ്: ഏക് പ്രേം കഥ’ എന്ന സിനിമയെ കുറിച്ചാണ് ജയ ബച്ചന്‍ സംസാരിച്ചത്. ഈ സിനിമ താനൊരിക്കലും കാണില്ലെന്ന എന്നാണ് ജയ പറയുന്നത്. ഇന്ത്യ ടിവിയുടെ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് ജയ അക്ഷയ് കുമാര്‍ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

”സിനിമയുടെ പേര് തന്നെ നോക്കൂ, ഇത്തരമൊരു പേരുള്ള സിനിമ കാണാന്‍ ഞാനൊരിക്കലും പോകില്ല. ഇതൊക്കെ ഒരു സിനിമാപ്പേരാണോ? ഇങ്ങനൊരു പേരുള്ള സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുമോ?” എന്നാണ് ജയ ബച്ചന്‍ പറയുന്നത്. ഇതിനിടെ കാണികളില്‍ കുറച്ച് പേര്‍ കൈ ഉയര്‍ത്തിയതോടെ ”ഇത്രയധികം ആളുകളില്‍ വെറും നാല് പേര്‍ക്ക് മാത്രമാണ് ഈ സിനിമ കാണാന്‍ താല്‍പര്യമുള്ളു. ഇത് ഒരു പരാജയ ചിത്രമാണ്” എന്നും ജയ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2017ല്‍ പുറത്തിറങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിനായനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ചിത്രമാണ്. ഓരോ വീട്ടിലും ടോയ്‌ലറ്റ് നിര്‍മ്മിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് സിനിമ പറഞ്ഞത്. ശ്രീ നാരായണ്‍ സിങ് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം ഭൂമി പെഡ്‌നേക്കര്‍ ആണ് പ്രധാന വേഷത്തില്‍ എത്തിയത്.

75 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ നിന്നും 311.5 കോടി രൂപ നേടിയിരുന്നു. പ്രധാനമന്ത്രി അടക്കം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 2017ല്‍ സംഭവിച്ച ആറ് നല്ല കാര്യങ്ങളില്‍ ഒന്ന് എന്നായിരുന്നു ബില്‍ ഗേറ്റ്‌സ് ലിസ്റ്റ് ചെയ്തത്. സിനിമയുടെ പ്രമോഷനായി അക്ഷയ് കുമാര്‍ മധ്യപ്രദേശില്‍ ഒരു ടോയ്‌ലറ്റ് തന്നെ നിര്‍മ്മിച്ചിരുന്നു.

Read more