'അമ്മയോട് വളരെ ക്രൂരമായാണ് പെരുമാറിയത്, ആ സിനിമ കാണാന്‍ ഭയമാണ്'; തുറന്നു പറഞ്ഞ് ജാന്‍വി

മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റത്തിന് മുമ്പായിരുന്നു നടി ശ്രീദേവി അന്തരിച്ചത്. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. അമ്മയുടെ സിനിമകളെ കുറിച്ച് ജാന്‍വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ശ്രീദേവിയുടെ ഹിറ്റ് ചിത്രം ചാല്‍ബാസ് തനിക്ക് കാണാനാവില്ല എന്നാണ് ജാന്‍വി പറയുന്നത്. ചാല്‍ബാസില്‍ ശ്രീദേവിയോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും അത് കാണാന്‍ തനിക്ക് ഭയമാണ് എന്നാണ് ജാന്‍വി പറയുന്നത്. ആ സിനിമ കണ്ടാല്‍ വല്ലാതെ സങ്കടം തോന്നുമെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.

1989ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചാല്‍ബാസ്. ശ്രീദേവിയും സണ്ണി ഡിയോളും രജനീകാന്തുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പങ്കജ് പരാശര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. 2018ല്‍ ആണ് ശ്രീദേവി മരിക്കുന്നത്. ദുബായിയിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് ജാന്‍വിയുടെ പുതിയ സിനിമകള്‍.