'വിജയ് സേതുപതിക്കൊപ്പം അഭിനയിക്കണം, ഓഡിഷനില്‍ പങ്കെടുക്കാന്‍ തയ്യാറാണ്'; താരത്തെ ഫോണ്‍ വിളിച്ച് ജാന്‍വി കപൂര്‍

വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. നടന്റെ വലിയ ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തെ വിളിച്ച് അടുത്ത സിനിമയില്‍ അവസരമുണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞതായുമാണ് ജാന്‍വി പറയുന്നത്.

ബോളിവുഡ് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം, ഒരു പ്രശസ്ത തമിഴ് നായകന്റെ സിനിമ 100 തവണ കാണുകയും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിക്കുകയും ചെയ്തെന്ന ജാന്‍വിയുടെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.

”വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രം കണ്ടതിന് ശേഷം ഞാന്‍ നടന്‍ വിജയ് സേതുപതിയെ വിളിച്ചു. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്. നിങ്ങളുടെ സിനിമയില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ ഓഡിഷനില്‍ പങ്കെടുക്കും” എന്ന് പറഞ്ഞതായാണ് ജാന്‍വി പറയുന്നത്.

Read more

വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ 2015ല്‍ എത്തിയ ഹിറ്റ് ചിത്രമാണ് നാനും റൗഡി താന്‍. വിജയ് സേതുപതിക്കൊപ്പം നയന്‍താരയാണ് പ്രധാന വേഷത്തില്‍ എത്തിയത്. അതേസമയം, ‘ഹെലന്‍’ എന്ന മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആയ ‘മിലി’ ആണ് ജാന്‍വിയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.