'നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇവിടെയില്ല'; മസാല കടലയ്ക്കും ഗുലാബ് ജാമുനും ഞെട്ടിപ്പിക്കുന്ന വില! മൗനിയുടെ റെസ്റ്റോറന്റില്‍ ഹിറ്റ് ആയി 695-ന്റെ സിഗ്നേച്ചര്‍ ഡ്രിങ്ക്

മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച് പിന്നീട് ബോളിവുഡില്‍ ഹിറ്റ് നായികയായി മാറിയ താരമാണ് മൗനി റോയ്. 2006ല്‍ ഏക്താ കപൂറിന്റെ ‘ക്യോംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനിയുടെ അഭിനയത്തിന്റെ തുടക്കം. ‘ദേവോന്‍ കാ ദേവ് മഹാദേവ്’, ‘നാഗിന്‍’ എന്നീ സീരിയലുകളിലൂടെ മൗനി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ‘ഗോള്‍ഡ്’, ബ്രഹ്‌മാസ്ത്ര എന്നീ സിനിമകളിലെ അഭിനയം മൗനിക്ക് ബോളിവുഡില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

2023ല്‍ റെസ്റ്റോറന്റുകള്‍ ആരംഭിച്ച് ബിസിനസിലേക്കും മൗനി കാലെടുത്ത് വച്ചിരുന്നു. ബംഗളൂരുവിലെ സര്‍ജാപൂരിലും മുംബൈയിലെ അന്ധേരിയിലും അടക്കം ആറോളം റെസ്‌റ്റോറന്റുകള്‍ ഇന്ന് മൗനിക്ക് ഉണ്ട്. ഈ റെസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ വില ഞെട്ടിക്കുന്നതാണ്. മസാല കടലയുടെത് അടക്കമുള്ള സ്‌നാക്‌സിന്റെ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭേല്‍പൂരിക്ക് സമാനമായ ജാല്‍മുരി എന്ന വിഭവത്തിന് 395 രൂപയാണ് മൗനിയുടെ ഒരു റെസ്റ്റോറന്റില്‍ ഈടാക്കുന്നത്. ഒരുപാട് വെജ്-നോണ്‍ വെജ് വിഭവങ്ങളുള്ള റെസ്‌റ്റോറന്റില്‍ 300-800 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

മധുരപലഹാരങ്ങളായ ഗുലാബ് ജാമുന്‍, ഷാഹി ടുക്ഡ എന്നിവയ്ക്ക് 410 രൂപയാണ് വില. പരമ്പരാഗതമായ വിഭവങ്ങള്‍ക്കും വലിയ വിലയാണ്. മൗനിയുടെ പേരിലുള്ള ‘മൗനിലിഷ്യസ്’ എന്ന റെസ്റ്റോറന്റിന്റെ സിഗ്നേച്ചര്‍ ഡ്രിങ്കിന് വില 695 രൂപയാണ്. ”മധുരപലഹാരങ്ങളോ ഐസ്‌ക്രീമുകളോ തനിക്ക് ഇഷ്ടമില്ല, അപ്പോഴാണ് മൗനിലിഷ്യസ് എന്ന ഡ്രിങ്കുമായി അവര്‍ എത്തിയത് അത് യമ്മി ആണ് മധുരമല്ല” എന്നാണ് മൗനി പറയുന്നത്.

Mounilicious. (Photo: Badmaash/Instagram)

മസാല കടല, മസാല പപ്പടം, ചോളം ഫ്രൈ, സേവ് പൂരി എന്നിവയ്ക്ക് 295 രൂപയാണ് വില. ഉള്ളി ബജിക്ക് 355 രൂപയും ചെമ്മീന്‍ വിഭവങ്ങള്‍ക്ക് 795 രൂപയുമാണ് വില. മാത്രമല്ല ഒരു തന്തൂരി റൊട്ടിക്ക് 105 രൂപയും, ഒരു നാനിന് 115 രൂപയും, ഒരു അമൃത്‌സരി കുല്‍ച്ചയ്ക്ക് 145 രൂപയുമാണ് വില. തന്റെ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് റെസ്റ്റോറന്റ് ആരംഭിച്ചതിനുള്ള ക്രെഡിറ്റ് മൗനി നല്‍കുന്നത്.

”എനിക്ക് ഇന്ത്യന്‍ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. ജോലിയെ തുടര്‍ന്ന് യാത്ര ചെയ്യുമ്പോഴെല്ലാം ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഉണ്ടോയെന്ന് ഞാന്‍ തിരയാറുണ്ട്. ബെംഗളൂരുവിലും മുംബൈയിലും അത്ര നല്ല ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ ഇല്ലെന്ന് തോന്നി, അതിനാലാണ് ബദ്മാഷ് ആരംഭിച്ചത്” എന്നാണ് മൗനി പറയുന്നത്.

Read more

ഒരു അഭിമുഖത്തില്‍ തന്റെ വരുമാനത്തെ കുറിച്ചും മൗനി സംസാരിക്കുന്നുണ്ട്. ”40% വരുമാനം എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. 20% സിനിമകളില്‍ നിന്നും, ബാക്കി 40% എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്നും ലഭിക്കും, ചിലപ്പോള്‍ അത് സിനിമയേക്കാള്‍ കൂടുതല്‍ ആയിരിക്കും” എന്നാണ് മൗനി പറയുന്നത്.