വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയില്‍ സാമന്തയും നാഗചൈതന്യയും! അമ്പരന്ന് ആരാധകര്‍

വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരു വേദിയില്‍ എത്തി സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരു താരങ്ങളും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദിയില്‍ എത്തുന്നത്. മുംബൈയില്‍ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പരിപാടിയിലാണ് ഇരുതാതരങ്ങളും എത്തിയത്.

മാര്‍ച്ച് 19ന് നടന്ന പരിപാടിയില്‍ തന്റെ പുതിയ വെബ് സീരിസ് ‘സിറ്റാഡല്‍-ഹണി ബണി’യുടെ പ്രമോഷന്റെ ഭാഗമായാണ് സാമന്ത എത്തിയത്. സീരിസിലെ കേന്ദ്ര കഥാപാത്രമായ വരുണ്‍ ധവാനൊപ്പമാണ് നടി പരിപാടിയില്‍ പങ്കെടുത്തത്.

ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘ധൂത്താ’ എന്ന വെബ് സീരിസിന്റെ വിജയം ആഘോഷിക്കാനായാണ് ഈ വേദിയില്‍ നാഗചൈതന്യ എത്തിയത്. ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ ഒരേ പരിപാടിയില്‍ പങ്കെടുത്തത് കണ്ട് ആരാധകര്‍ അമ്പരന്നു.

പ്രിയങ്ക ചോപ്ര, സൂര്യ, ഷാഹിദ് കപൂര്‍, ബോബി ഡിയോള്‍, തമന്ന, ശോഭിത ധൂലിപാല എന്നീ പ്രമുഖ താരങ്ങളും പരിപാടിയില്‍ എത്തിയിരുന്നു. അതേസമയം, മയോസൈറ്റിസ് എന്ന രോഗത്തെ തുടര്‍ന്ന് കുറേക്കാലത്തോളം സാമന്ത ആശുപത്രിയില്‍ ആയിരുന്നു.