അസംബന്ധം, എങ്ങോട്ടാണ് ഈ പോകുന്നത് എന്നൊക്കെ മകന്‍ ചോദിക്കും, എന്റെ സിനിമകളോട് അവന് താല്‍പര്യമില്ല: അക്ഷയ് കുമാര്‍

അടുത്തിടെയായി ഫ്‌ലോപ്പ് സിനിമകള്‍ മാത്രമാണ് അക്ഷയ് കുമാറിന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി 12 ഓളം ചിത്രങ്ങളാണ് തിയേറ്ററില്‍ പൊട്ടിപ്പൊളിഞ്ഞത്. 2019ല്‍ റിലീസ് ചെയ്ത ‘ഗുഡ് ന്യൂസ്’ മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ‘മിഷന്‍ റാണിഗഞ്ജ്’ വരെ തിയേറ്ററില്‍ ഫ്ലോപ്പ് ആയിരിക്കുകയാണ്.

തന്റെ സിനിമകളെ കുറിച്ച് മകന്‍ ആരവ് പറയാറുള്ള കമന്റിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍. മകന് തന്റെ സിനിമകളോട് താല്‍പര്യമില്ല എന്നാല്‍ നല്ല അഭിപ്രായം പറയാറുണ്ട് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ”മകള്‍ നിതാരക്ക് എന്റെ ചിത്രങ്ങള്‍ ഇഷ്ടമാണ്.”

”സിനിമ കണ്ടിട്ട് അച്ഛനില്‍ അഭിമാനം തോന്നുന്നു, നല്ല ചിത്രം എന്നിങ്ങനെയുള്ള അഭിപ്രായം പറയും. എന്നാല്‍ മകന്‍ ആരവ് അങ്ങനെയല്ല. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ഇഷ്ടമായില്ലെന്ന് തുറന്നടിക്കും. അസംബന്ധം, എങ്ങോട്ടാണ് ഈ പോകുന്നത് എന്നൊക്കെ ചോദിക്കും” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

മകന്‍ ആരവിന് സിനിമയോട് താല്‍പര്യമില്ലെന്ന് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞിരുന്നു. ”വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകളാണ് എന്റെ വീട്ടിലുള്ളത്. മകനെ സിനിമകള്‍ കാണിക്കണം, അവനോട് സിനിമ സംസാരിക്കണമെന്നൊക്ക എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അവന് അതില്‍ താല്‍പര്യമില്ല.”

”അവന് ഫാഷന്‍ ഡിസൈനിംഗ് ആണ് ഇഷ്ടം. അതില്‍ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്” എന്നായിരുന്നു അക്ഷയ് പറഞ്ഞത്. അതേസമയം, 55 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ മിഷന്‍ റാണിഗഞ്ജിന് ആറ് ദിവസത്തിനുള്ളില്‍ ലഭിച്ചത് ഒരു കോടി മുകളില്‍ മാത്രം കളക്ഷനാണ്. എന്നാല്‍ ഇത് തന്റെ മികച്ച സിനിമയാണെന്ന് പറഞ്ഞായിരുന്നു അക്ഷയ് കുമാര്‍ രംഗത്തെത്തിയത്.