ഞങ്ങളിങ്ങനാണു ഭായ്; ഈ ലോകത്ത് സുന്ദരന്‍മാരും സുന്ദരികളുമേയുള്ളു

കറുത്തവര്‍ എങ്ങനെ വെളുക്കാമെന്നും വെളുത്തവര്‍ എങ്ങനെ കൂടുതല്‍ വെളുക്കാമെന്നും ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന ലോകം. ചുണ്ടു നന്നായില്ല, കണ്ണിന് തിളക്കം പോര, മുടിക്ക് നീളം കുറവാ, പുരികം അത്ര ശരിയായില്ല- ഇങ്ങനെ നൂറു കണക്കിന് പരാതികളുയര്‍ത്തുന്ന പെണ്‍കുട്ടികളാണ് ബഹുഭൂരിപക്ഷവും. ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ മോശമല്ല. എന്നാല്‍ കേട്ടോളൂ നിങ്ങളോടാണ്, ഈ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെയൊക്കെ വലിച്ചെറിഞ്ഞ്, ലോകത്ത് എല്ലാറ്റിനും സൗന്ദര്യമുണ്ടെന്ന് വിളിച്ച് പറഞ്ഞ് തലയുയര്‍ത്തി മുമ്പോട്ടു വന്ന പെണ്‍കുട്ടികള്‍ മറ്റെവിടെയുമല്ല, ഈ ഭൂമിയില്‍ തന്നെയാണ്. കേട്ടു തഴമ്പിച്ച സൗന്ദര്യസങ്കല്‍പ്പങ്ങള്‍ പേറി നടക്കുന്ന നമ്മില്‍ പലരും ഇതു കണ്ട് മുഖം ചുളിച്ചേക്കാം. എന്നാല്‍ അവര്‍ നമ്മോടു പറയും സൗന്ദര്യം നിങ്ങളുടെ സങ്കല്‍പം മാത്രമാണെന്ന്.

ഇല്‍ക ബ്രള്‍

എക്ടോ ഡെര്‍മല്‍ ഡിസ്പ്ലാസിയ എന്ന ജനിതകരോഗവുമായാണ് ഇല്‍ക ജനിച്ചത്. ഒരു സാധാരണ പെണ്‍കുട്ടിയുടെ മുഖമായിരുന്നില്ല അവള്‍ക്ക്. എന്നാല്‍ ഇല്‍ക മനോധൈര്യം കൈവിട്ടില്ല. തന്റെ ജീവിത കഥ ഇന്‍സ്റ്റഗ്രാം ഫോട്ടോ സ്‌റ്റോറിയിലൂടെ അവള്‍ ലോകത്തോട് പറഞ്ഞു. എല്ലാവര്‍ക്കും സൗന്ദര്യമുണ്ടെന്ന് ലോകത്തെ അവള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു.

സോഫിയ ഹദ്ജി പാന്റെലി

സൈപ്രസില്‍ നിന്നുള്ള മോഡലാണ് സോഫിയ. പുരികങ്ങളാണ് അവളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയത്. വീതിയേറിയ ഇടതൂര്‍ന്ന ഇഴകളോടു കൂടിയ പുരികങ്ങള്‍ പേരുകേട്ട ഡിസൈനര്‍മാര്‍ക്കിടയില്‍ സോഫിയയെ പ്രിയങ്കരിയാക്കി.

സ്വന്ത് പോളിന

മുഖത്ത് നിറയെ പുള്ളിക്കുത്തുകളുമായാണ് സ്വന്ത് പോളിന ജനിച്ചത്. എന്നാല്‍ തന്റെ സൗന്ദര്യമായാണ് അവള്‍ അതിനെ കണ്ടത്. പ്രകൃതി തനിക്ക് നല്‍കിയ സമ്മാനമാണ് ഇതെന്നും പോളിന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവ്‌ഴ്‌സ് ആണ് പോളിനയ്ക്കുള്ളത്.

ഡ്രു പ്രെസ്റ്റ

21-കാരിയായ ഈ അമേരിക്കന്‍ മോഡലിന് കേവലം മൂന്നടി നാലിഞ്ച് മാത്രമാണ് ഉയരം. പൊക്കമില്ലാത്തതിന്റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു ഡ്രു. എങ്കിലും ഒരു മോഡലാകണമെന്ന സ്വപ്നം അവള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഡ്രു അത് നേടിയെടുക്കുകയും ചെയ്തു.

എം

ശരീരമെല്ലാം വെള്ളപ്പാണ്ടോടു കൂടിയാണ് എം (യഥാര്‍ത്ഥ പേരല്ല) ജനിച്ചത്. എന്നാല്‍ അതൊരു പോരായ്മയായി അവള്‍ കണ്ടതേയില്ല. പകരം, തന്റെ മികച്ച സ്‌നാപ്പുകളും ഊര്‍ജ്ജം പകരുന്ന വാചകങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അവള്‍ പങ്കു വെയ്ക്കുകയാണ് ചെയ്തത്.

സിമോണ തോംസണ്‍

മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തു പറയുന്നു എന്നതിനെ എങ്ങനെ അവഗണിക്കാം എന്നതായിരുന്നു സിമോണി എപ്പോഴും ചിന്തിച്ചിരുന്നത്. ഈ മനോഭാവവും കൈമോശം വരാത്ത ആത്മവിശ്വാസവും സിമോണയെ പിന്നീട് പ്യൂമ, ഫെന്‍ഡി തുടങ്ങിയ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ മോഡലാക്കി മാറ്റി.

ആലീസ് വില്‍സണ്‍

ജീവിതത്തിലൊരിക്കലും താനൊരു മോഡലാകുമെന്ന് ആലീസ് ചിന്തിച്ചിരുന്നില്ല. മറ്റുള്ളവരുടെ കാഴ്ചപ്പാടിലുള്ള സൗന്ദര്യമല്ല തന്റേതെന്നും അവള്‍ക്കറിയാമായിരുന്നു. പക്ഷേ, തോറ്റു കൊടുക്കാന്‍ ആലീസ് തയ്യാറായിരുന്നില്ല. ഇന്ന് ലോകപ്രശസ്ത ഡിസൈനര്‍മാരുടെ പ്രിയപ്പെട്ട മോഡലാണ് ആലീസ്.