സ്ത്രീത്വത്തിന്റെയും ഫാഷന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന ഒന്നാണ് ഇന്നത്തെ കാലത്ത് ഹൈ ഹീൽസ്. എന്നാൽ ഹൈ ഹീൽസുമായി ബന്ധപ്പെട്ട് പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഹീൽസ് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയല്ല രൂപകൽപന ചെയ്തത്. മറിച്ച് പുരുഷന്മാർക്ക് വേണ്ടിയായിരുന്നു ഹീൽസ് ആദ്യമായി രൂപകൽപ്പന ചെയ്തത്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആരംഭിക്കുന്ന ഒന്നാണ് ഹൈ ഹീൽസിന്റെ ചരിത്രം.
പത്താം നൂറ്റാണ്ടിലേ പുരുഷന്മാർ ഹീൽസ് ധരിച്ചതിന്റെ ആദ്യകാല രേഖകളുണ്ട്. അന്ന് പേർഷ്യൻ കുതിരസവാരിക്കാർ കുതിരസവാരി ചെയ്യുമ്പോൾ കാല് ചവിട്ടുന്ന പടിയായ സ്റ്റിറപ്പുകളിൽ കാൽ ഉറച്ചുനിൽക്കാൻ വേണ്ടിയാണ് ഹീൽ ഉള്ള ഷൂസ് ധരിച്ചിരുന്നത്. യോദ്ധാക്കളായിരുന്ന ഇവർ കുതിരപ്പുറത്ത് നിന്ന് അമ്പുകൾ എയ്യുമ്പോൾ അവരുടെ കാലുകൾ ഉറച്ചു നിൽക്കാൻ ഇവ സഹായിച്ചിരുന്നു. അന്ന് ഹീൽസ് ഫാഷന്റെ ഭാഗമായി ധരിച്ചിരുന്ന ഒന്നല്ലായിരുന്നു. ഉയർന്ന ഹീൽ സവാരി ചെയ്യുന്നവർക്ക് മികച്ച നിയന്ത്രണവും സ്ഥിരതയും നൽകി. മാത്രമല്ല ശക്തിയുടെയും സൈനിക വൈദഗ്ധ്യത്തിന്റെയും പ്രതീകമായി ഷൂ മാറുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടോടെ പേർഷ്യൻ സ്റ്റൈൽ യൂറോപ്പിലെത്തി. യൂറോപ്യൻ പ്രഭുക്കന്മാർ, പ്രത്യേകിച്ച് ഉയർന്ന പദവിയിലുള്ള പുരുഷന്മാർ, അവരുടെ സാമൂഹിക പദവി പ്രകടിപ്പിക്കാൻ ഹീൽ ഉള്ള ഷൂസ് ധരിക്കാൻ തുടങ്ങി. ഇതോടെ ഹീൽസ് അധികാരത്തിന്റെയും അന്തസ്സിന്റെയും അടയാളമായി മാറി. സാധാരണക്കാർ പുറത്ത് ജോലി ചെയ്യുമ്പോൾ സുഖസൗകര്യങ്ങൾക്കായി ഫ്ലാറ്റ് ഷൂസ് ആയിരുന്നു ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ജോലി ചെയ്യേണ്ടാത്തവർ ഹീൽസ് ധരിക്കുകയും ചെയ്തു തുടങ്ങി. ഇതോടെ ധനികരും രാജാക്കന്മാരും തങ്ങളുടെ ഉയർന്ന പദവി അറിയിക്കാൻ വേണ്ടി ഹീൽസ് ധരിച്ചു.
ഹീൽസ് ധരിച്ചവരിൽ ഏറ്റവും പ്രശസ്തൻ ഫ്രാൻസിലെ രാജാവ് ലൂയി പതിനാലാമനാണ്. അദ്ദേഹത്തിന്റെ അതിഗംഭീരമായ ചുവന്ന ഹീൽസ് വളരെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഹീൽസിന്റെ ഉയരവും ചുവപ്പും കൂടുന്തോറും ധരിക്കുന്നയാൾ കൂടുതൽ ശക്തനാണെന്ന് വിശ്വസിക്കപ്പെട്ടു. പ്രഭുക്കന്മാർക്ക് മാത്രമേ ഹീൽസുള്ള ഷൂസ് ധരിക്കാൻ കഴിയൂ എന്ന് 1670-ൽ അദ്ദേഹം ഒരു നിയമം പാസാക്കി.
രാജാവിനും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവർക്കും മാത്രമേ ചുവന്ന അടിഭാഗമുള്ള ഷൂസ് ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. രാജകീയതയെയും ആഡംബരത്തെയും ഉയർത്തിക്കാട്ടുന്ന ഒരു പ്രവണതയായിരുന്നു ഇത്. ആ കാലഘട്ടത്തിലെ ചിത്രങ്ങളിൽ പുരുഷന്മാർ അഭിമാനത്തോടെ വിഗ്ഗുകൾ, സ്റ്റോക്കിംഗുകൾ, അലങ്കരിച്ച കോട്ടുകൾ എന്നിവയ്ക്കൊപ്പം ഹീൽസും ധരിച്ചിരുന്നതായി കാണാൻ സാധിക്കും.
എന്നാൽ പതിനെട്ടാം നൂറ്റാണ്ടോടെ ഫാഷൻ മാറി തുടങ്ങി. പുരുഷന്മാരുടെ വസ്ത്രങ്ങൾ കൂടുതൽ ലളിതമായി മാറുകയും ഹൈ ഹീൽസിന് പുരുഷത്വവുമായുള്ള ബന്ധം നഷ്ടപ്പെടാൻ തുടങ്ങി. എന്നാൽ പിന്നീട് സൗന്ദര്യത്തിന്റെ ഒരു രൂപമായി സ്ത്രീകൾ ഹീൽസ് ധരിക്കാൻ തുടങ്ങി. അതേസമയം പുരുഷന്മാർ പരന്ന ഷൂകളിലേക്ക് മാറി. പതുക്കെ സ്ത്രീകളുടെ ഫാഷന്റെ ഭാഗമായി ഹീൽസ് മാറി. ഇന്നത്തെ കാലത്ത് ഹീൽസ് ഇപ്പോഴും സ്ത്രീത്വവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ പുരുഷന്മാർ ആദ്യം അവ ധരിച്ചിരുന്നു എന്നതാണ്. ഹീൽസ് ഒരിക്കലും ലിംഗഭേദം അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. അവ അധികാരത്തിന്റെയും പദവിയുടെയും ഭാഗമായിരുന്നു. ഇന്നും ചില കലാകാരന്മാരും ഫാഷൻ ഐക്കണുകളും ചിലപ്പോൾ ഹീൽസ് ധരിക്കാറുണ്ട്.
സമൂഹത്തിനൊപ്പം ഫാഷൻ എങ്ങനെ പരിണമിക്കുന്നുവെന്നാണ് ഹീൽസിന്റെ ചരിത്രം നമ്മെ കാണിക്കുന്നത്. ഒരു കാലത്ത് പുരുഷശക്തിയുടെ പ്രതീകമായിരുന്ന ഒന്ന് ഇപ്പോൾ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി മാറി. ഹൈ ഹീൽസിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് സ്റ്റൈൽ ലിംഗഭേദവുമായി ബന്ധപ്പെട്ടുള്ള ഒന്നല്ല എന്നാണ്. അത് ആവിഷ്കാരത്തെക്കുറിച്ചും, വ്യക്തിത്വത്തെക്കുറിച്ചും, ആത്മവിശ്വാസത്തെക്കുറിച്ചുമാണ്. രാജാക്കന്മാരോ രാജ്ഞികളോ, പുരുഷന്മാരോ സ്ത്രീകളോ ഹീൽസ് ധരിച്ചാലും എല്ലായ്പ്പോഴും ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമായി അന്നും ഇന്നും ഉയർന്നുനിന്നിട്ടുണ്ട്.







