"സർക്കാർ നായർ നിയന്ത്രണത്തിലേക്ക് മാറുന്നു എന്ന ചിത്രമാണ് തെളിയുന്നത്": കുറിപ്പ്

 

മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകളിൽ തെളിയുന്നത് സർക്കാർ നായർ നിയന്ത്രണത്തിലേക്ക് മാറുന്നു എന്ന ചിത്രമാണെന്ന് സാമൂഹിക പ്രവർത്തകനായ കെ സന്തോഷ് കുമാർ. എട്ടോ ഒമ്പതോ മന്ത്രിമാരെങ്കിലും നായർ വിഭാഗത്തിൽ നിന്നായിരിക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് ദിവസംപോലും തുടർഭരണം ഉണ്ടാവരുതെന്ന് സന്ദേശം നൽകിയെങ്കിലും സർക്കാരിൽ നായർ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന ചർച്ചകൾ നടക്കുന്നുവെന്നാണ് പ്രാഥമിക അറിവ് എന്ന് സന്തോഷ് കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിമാരിൽ 50 ശതമാനത്തിന് മുകളിൽ സവർണ സമുദായത്തിൽ നിന്നാണെന്ന് സൂചന.

രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിൽ 50 ശതമാനത്തിനു മുകളിൽ സവർണ സമുദായത്തിൽ നിന്നായിരിക്കും എന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്. മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകളിൽ തെളിയുന്നത് സർക്കാർ നായർ നിയന്ത്രണത്തിലേക്ക് മാറുന്നു എന്ന ചിത്രമാണ്. എട്ടോ ഒമ്പതോ മന്ത്രിമാരെങ്കിലും നായർ വിഭാഗത്തിൽ നിന്നായിരിക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് ദിവസംപോലും തുടർഭരണം ഉണ്ടാവരുതെന്ന് സന്ദേശം നൽകിയെങ്കിലും സർക്കാരിൽ നായർ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന ചർച്ചകൾ നടക്കുന്നുവെന്നാണ് പ്രാഥമിക അറിവ്.

സിപിഐ നേതൃത്വമാണ് ഇക്കാര്യത്തിൽ മുന്നിൽ. നാലു മന്ത്രിമാരെ ലഭിച്ചതിൽ പ്രാഥമിക ചർച്ചയിലുണ്ടായ ധാരണ പ്രകാരം മൂന്നുപേരും സവർണ സമുദായത്തിൽ നിന്നാണ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വീണ്ടും മന്ത്രിയാകാനാണ് സാധ്യത. പി. പ്രസാദ്, കെ.രാജൻ, ജെ. ചിഞ്ചുറാണി തുടങ്ങിയവരാണ് പരിഗണനയിൽ. ചിഞ്ചു റാണി ഒഴിച്ചു മൂന്നുപേരും സവർണ സമുദായത്തിൽ നിന്ന് ഉള്ളവരാണ്. ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയാൽ ഇ കെ ദിനേശിനോ, ജി. അനിലിനോ ആണ് സാധ്യത. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകി പരിഹരിക്കാമെന്നാണ് സിപിഐ നേതൃത്വത്തിൽ ഉണ്ടായ പ്രാഥമിക ധാരണ. പാർട്ടി മേൽകമ്മിറ്റിയിൽ അംഗം അല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഭരണരംഗത്ത് പരിചയമുള്ള വി.ശശിയെ വെട്ടിയത്. നിലവിലെ സംസ്ഥാന സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിമാരും നായർ സമുദായത്തിൽ നിന്നുള്ളവരാണ്. അതിനാൽ സി.പി.ഐയിൽ സി പി എമ്മിനകത്ത് എന്ന പോലെ നായർ ആധിപത്യം ശക്തമാകുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

സി.പി.എമ്മിലാകട്ടെ മന്ത്രിമാരുടെ അനൗദ്യോഗിക പട്ടികയിലെ സ്ഥിതി മുൻ വർഷങ്ങളിലെ പോലെ വ്യത്യസ്തമല്ല. പട്ടികജാതി പ്രാതിനിധ്യം കെ.രാധാകൃഷ്ണനിൽ ഒതുങ്ങും. സംസ്ഥാന ജനസംഖ്യയിൽ ഏതാണ്ട് 20 ശതമാനം ദലിതരാണ് – 12 ശതമാനം പട്ടികജാതിക്കാരും 8 ശതമാനം ദലിത് ക്രിസ്ത്യാനികളുമാണ്. 21 അംഗ മന്ത്രി സഭയിൽ ഏത് മാനദണ്ഡപ്രകാരം നോക്കിയാലും കുറഞ്ഞത് രണ്ട് – മൂന്നു ദലിത് മന്ത്രിമാർ ഉണ്ടാകേണ്ടതാണ്.

ഇടതു സർക്കാരിൽ സി പി എമ്മിലെ എം.വി.ഗോവിന്ദൻ , പി.രാജീവ്, കെ.എൻ.ബാലഗോപാൽ , എം.ബി.രാജേഷ് , വി. ശിവൻകുട്ടി , പി. നന്ദകുമാർ തുടങ്ങിയവരാണ് പ്രാഥമിക പരിഗണനയിൽ. ജനസംഖ്യയിൽ ഏതാണ്ട് 13 ശതമാനത്തിൽ താഴെയുള്ള സമുദായത്തിന് മന്ത്രിസഭയിൽ 40 – 50 ശതമാനത്തോളം പ്രാതിനിധ്യം നൽകുമെന്നുറപ്പാണ്. മുന്നാക്കക്കാരിൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം- ഉദ്യോഗ മേഖലകളിൽ 10 ശതമാനം സവർണ സംവരണം നടപ്പാക്കിയതിനെ പിന്തുണച്ച എൻ.എസ്.എസ് ഈ തീരുമാനത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

ഇടതുപക്ഷ സർക്കാരിന്റെ ചരിത്ര വിജയത്തിന് കളമൊരുക്കിയത് പിന്നാക്ക ദലിത് വോട്ടുകളുടെയും അടിത്തട്ട് മുസ്ലീം വോട്ടുകളുടെ കേന്ദ്രീകരണം ഇടതുപക്ഷത്തേയ്ക്ക് ഉണ്ടായതാണ്. ഏതാണ്ട് എൻപത് ശതമാനം വരുന്ന, ഇടതുപക്ഷത്തിന് തുടർ ഭരണമെന്ന ചരിത്ര വിജയം സമ്മാനിച്ച ഈ ജനതയുടെ നീതിയുക്തമായ പങ്കാളിത്തമായിരിക്കില്ല ഇടതുപക്ഷ മന്ത്രിസഭയിൽ. തിരുവിതാംകൂർ പ്രജാസഭയിൽ അയ്യങ്കാളിക്ക് നൽകിയ പരിഗണന പോലും ഇന്നത്തെ മന്ത്രിസഭയിൽ ദലിതർക്ക് ലഭിക്കുന്നില്ലെന്നാണ് യാഥാർഥ്യം.