'ഒട്ടകം' എന്ന ഇരട്ടപ്പേര് കിട്ടിയത് എങ്ങനെ എന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ

സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസത്തിന് ഇരയായ സംസ്ഥാനത്തെ ബി ജെ പി നേതാക്കളിൽ ഒരാളാണ് ബി ഗോപാലകൃഷ്ണൻ. നിരവധി ട്രോളുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഇറങ്ങുന്നത്.ഒട്ടകം ഗോപാലന്‍ എന്നാണ് സോഷ്യൽ മീഡിയയിൽ ഗോപാലകൃഷ്ണന്റെ അപരനാമം. ‌എന്നാൽ ഈപേര് വിളിക്കുന്നതിൽ അദ്ദേഹത്തിന് വിഷമം ഇല്ല, അത് ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ട്രോളുകളെയും പരിഹാസത്തെയും അവഗണിക്കുന്നതാണ് തന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് മാതൃഭൂമി ചാനൽ നടത്തിയ പരിപാടിയിൽ തനിക്ക് ഒട്ടകം എന്ന പേരു വന്നതിനു പിന്നിലെ കഥ അദ്ദേഹം വ്യക്തമാക്കി.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മക്കയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം സൗദിയില്‍ ഒട്ടക ഇറച്ചി നിരോധിച്ചു എന്ന് പറഞ്ഞതിന് ശേഷമാണ് ട്രോളന്‍മാര്‍ തന്നെ ഒട്ടകം ഗോപാലന്‍ എന്ന വിളിച്ചു തുടങ്ങിയതെന്ന്ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

“ഒട്ടകത്തിനെ മക്കയിൽ നിരോധിച്ചിരുന്നു. അതിന്റെ ഒരു റിപ്പോർട്ട് എന്റെ കൈയിലുണ്ട്. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയിൽ അവിടെ ഒട്ടകത്തെ അറുക്കാൻ പാടില്ല. ഞാൻ ആ ഒരു സമയത്ത് അക്കാദമിക്കലായ റിപ്പോർട്ടുമായാണ് ചാനൽ ചർച്ചക്ക് പോകുന്നത്. ക്യൂബയിലും പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നാൽ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോൾ സൗദി അറേബ്യയിൽ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. സ്പീഡിൽ പറയുന്നതല്ലേ, വളരെ ഫാസ്റ്റ് ആയിട്ട് പറയുമ്പോൾ…..അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളിൽ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. അപ്പോൾ നമ്മൾ ഇവർക്ക് എല്ലാവർക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തർക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോൾ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്. സ്ലിപ്പ് വരും ടങ്കിന്…. അതറിയാതെ സംഭവിക്കും, എല്ലാവർക്കും സംഭവിക്കും. ആ നാവിന്റെ പിഴ ഒരു സെക്കൻഡ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പോൾ തന്നെ സൗദി അറേബ്യയിലെ മക്കയിൽ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഫോണിൽ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ വരാൻ തുടങ്ങി” ബി ഗോപാലകൃഷ്ണൻ പറഞ്ഞു.