ഡെലിവറി ബോയ്ക്ക് സർപ്രൈസ് ഒരുക്കി ഒരു വീട്ടമ്മ, വൈറലായി വീഡിയോ

വിശന്നിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഭക്ഷണം  കിട്ടിയാൽ എങ്ങനെയായിരിക്കും  പ്രതികരണം?അത്തരത്തിൽ  ആകസ്മികമായി ലഭിച്ച ഒരു സർപ്രൈസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.  പതിവുപോലെ ഡെലിവറിയുമായി എത്തിയ കരിം അഹ്മദ് റീഡ് എന്ന ചെറുപ്പക്കാരന്  വീട്ടുടമസ്ഥ ഔമ കരുതിവച്ചിരുന്നത് ഒരു പെട്ടി നിറയെ സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും ആയിരുന്നു. ഉച്ചഭക്ഷണം കഴിക്കാതിരുന്നതിനാൽ വിശന്നിരുന്ന  റീഡ്  അത്ഭുതപ്പെടുന്നതും സ്നാക്സ് എടുത്തുകൊണ്ടു നൃത്തം ചെയ്തുപോകുന്നതുമായ വീഡിയോയ്ക്ക് ഫേസ്ബുക്കിൽ  ഒരു കോടിയിലേറെ വ്യൂസ് ആണ് കിട്ടിയിരിക്കുന്നത്. ഹോളിഡേ സീസണിൽ തങ്ങളുടെ ഷോപ്പിംഗ് എളുപ്പമാക്കാൻ സഹായിക്കുന്ന ഡെലിവറി ബോയ്സിന് നന്ദി പറഞ്ഞുകൊണ്ടാണ് ഔമ ഇങ്ങനെ ഒരു സർപ്രൈസ്‌ ഒരുക്കിയത്. ” ഔമ ഒരു രത്‌നമാണ്, ഒരു നല്ല മനുഷ്യസ്നേഹിയും. അവരാൽ കഴിയുന്ന സന്തോഷം അവർ എനിക്ക് നൽകി.അതിൽ അവളോട് എനിക്ക് നന്ദിയുണ്ട്. ഈ ലോകത്തിനു ഇനിയും ഏറെ സ്നേഹം ആവശ്യമുണ്ട്.” – റീഡ് പറഞ്ഞു.
ഔമയുടെ നല്ലമനസ്സിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലോകമെമ്പാടുനിന്നും പ്രവഹിക്കുകയാണ്.