സ്ത്രീകളും പുരുഷന്മാരെപ്പോലെ ഇരിക്കണം; വെറുതെയല്ല, കാരണമിതാണ്

സ്ത്രീകളും പുരുഷന്മാരെ പോലെ തന്നെ ഇരിക്കണമെന്ന് വിദഗ്ധാഭിപ്രായം. പുരുഷന്മാര്‍ ഇരിക്കുന്ന രീതി സ്ത്രീകള്‍ അനുകരിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അമേരിക്കയിലെ അസ്ഥിരോഗ വിദഗ്ധ ബാര്‍ബറ ബെര്‍ജിന്‍ പറയുന്നു. സന്ധികളുടെ ആരോഗ്യത്തിനായി പുരുഷന്മാരെ പോലെ ഇരിക്കാനാണ് ഡോക്ടര്‍ പറയുന്നത്.

പുരുഷന്മാര്‍ പതിവായി കാലുകള്‍ വിടര്‍ത്തിയാണ് ഇരിക്കാറ്. പലപ്പോഴും രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സ്ഥലം മുഴുവന്‍ കയ്യേറിയാണ് പുരുഷന്മാരുടെ ഇരിപ്പ് എന്ന് തമാശരൂപേണ പറയാറുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ പലപ്പോഴും കാല്‍മുട്ടുകള്‍ ചേര്‍ത്തുവെച്ചോ, അല്ലെങ്കില്‍ ഒരുകാലിന് മുകളില്‍ മറ്റൊരു കാല്‍ വെയ്ക്കുന്ന രീതിയിലോ ആണ് ഇരിക്കാറ്. ഇത് സ്ത്രീകള്‍ക്ക് മുട്ടുവേദന പോലെയുളള അസ്ഥിരോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍ പറയുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഇടുപ്പ് കൂടുതല്‍ വിസ്താരമുളളതാണ്. ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സന്ധിവേദന വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് മുട്ടുകള്‍ ചേര്‍ന്ന് നില്‍ക്കുന്ന knock kneed എന്ന ജൈവിക അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കാല്‍മുട്ടുകള്‍ ചേര്‍ത്തുവെയ്ക്കുന്നതും ഒരുകാലിന് മുകളില്‍ മറ്റൊരു കാല്‍ വെയ്ക്കുന്നതും സ്ത്രീകള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍ വാദിക്കുന്നു. അതായത് മുട്ടിലും ഇടുപ്പിലും വേദന ഉണ്ടാവുമെന്ന് സാരം. അതിനാല്‍ പുരുഷന്മാര്‍ ഇരിക്കുന്ന രീതി പിന്തുടരനാണ് ബാര്‍ബറ ബെര്‍ജിന്‍ നിര്‍ദേശിക്കുന്നത്.

സ്ഥിരമായി ഒരേ രീതിയില്‍ ഇരിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്ത്രീകള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത് എല്ലുകള്‍ക്കും മസിലിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ബോധ്യമുണ്ടായാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പുരുഷന്മാര്‍ ഇരിക്കുന്ന രീതി പിന്തുടരാന്‍ ശ്രമിക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു.