സീബ്രാ ലൈന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പച്ചയാക്കി, നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ വീണ്ടും വെള്ളയാക്കി

വഴിയിലെ സീബ്രാ ക്രോസ് ലൈന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പച്ച പെയിന്റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാറപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രചരണത്തിന്റെ ഭാഗമായിട്ടാണ് സീബ്രാ ലൈന്‍ പോലും പച്ചയടിച്ചത്.

ചൊവ്വാഴ്ച്ച രാത്രിയിലാണ് വെള്ള നിറത്തിലുള്ള സീബ്രാ ക്രോസിംഗ് യൂത്ത് ലീഗുകാര്‍ പച്ചയടിച്ച് ലീഗിന്റെയാക്കിയത്. രാവിലെ അങ്ങാടിയില്‍ എത്തിയവരാണ് ഈ കാഴ്ച്ച ആദ്യം കാണുന്നത്. പിന്നീട് നാട്ടുകാരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ പച്ചമാറ്റി വെള്ള പെയിന്റ് അടിച്ച് യൂത്ത് ലീഗ് തലയൂരി.

മലപ്പുറം ജില്ലയിലെ പത്രങ്ങളുടെ പ്രാദേശിക പേജില്‍ വന്ന ബോക്‌സ് വാര്‍ത്ത ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ വാര്‍ത്ത കിട്ടിയതോടെ ട്രോള്‍ ഗ്രൂപ്പുകളും ഈ സംഭവം ഏറ്റെടുത്തിട്ടുണ്ട്.