'എന്റെ കലയാണ് എന്റെ മതം', ഭീഷണികള്‍ ഇപ്പോഴും തുടരുന്നതായി നര്‍ത്തകി മന്‍സിയ

തനിക്കെതിരെ ഇപ്പോളും ഭീഷണികള്‍ തുടരുന്നുവെന്ന് നര്‍ത്തകി മന്‍സിയ. അഹിന്ദുവായതിനാല്‍ കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട വിവരം മന്‍സിയ തുറന്ന് പറഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ഈ വിവാദങ്ങളുടെ പേരില്‍ തനിക്ക് ഒരു വേദി വേണ്ടെന്ന് മന്‍സിയ ഉറപ്പിച്ച് പറയുകയാണ്. മതം പറഞ്ഞ് മനുഷ്യനെ വേര്‍തിരിക്കരുത്. എന്റെ കലയാണ് എന്റെ മതം. അത് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണെന്ന് മന്‍സിയ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

വിലക്കിനും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ മഞ്ചാടിക്കുരു കൂട്ടായ്മ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്‍സിയ നൃത്തം അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ അത് കാണാനായി നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നത്. കുട്ടിക്കാലം മുതല്‍ മതത്തിന്റെ പേരില്‍ വലിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് താനെന്ന് മന്‍സിയ പറഞ്ഞു. ഇപ്പോളും അത് തുടരുന്നുണ്ട്.

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ നിന്ന് തന്നെ വിലക്കിയതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. അത് അവര്‍ക്ക്് ഒരു ബുദ്ധിമുട്ടോ ക്ഷീണമോ ആയിട്ടുണ്ട്. അതിന്റെ പേരില്‍ ഇപ്പോളും തനിക്കെതിരെ ഭീഷണികള്‍ തുടരുന്നുണ്ട്.

കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിലും മന്‍സിയ തന്റെ നിലപാട് വ്യക്തമാക്കി. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിന് മറ്റൊരു തലം കാണേണ്ടതില്ല. മതം നോക്കാതെ സ്നേഹം നോക്കിയാണ് ആളുകള്‍ ഒന്നിക്കുന്നത്. അതിനെ പ്രോത്സാഹിപ്പിക്കണം. തനിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്ന കലാകാരന്മാരോട് എന്നും നന്ദിയുണ്ടെന്നും മന്‍സിയ പറഞ്ഞു.

അഹിന്ദു ആയതു കാരണം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ല എന്നാണ് കൂടല്‍മാണിക്യം ക്ഷേത്രക്കമ്മിറ്റി മന്‍സിയയെ അറിയിച്ചത്. മലപ്പുറം വള്ളുവമ്പ്രത്ത് മുസ്ലിം സമുദായത്തില്‍ ജനിച്ച മന്‍സിയ ഭരതനാട്യം അടക്കമുള്ള ക്‌ളാസിക്കല്‍ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് പല ഇടങ്ങളിലും കടുത്ത വിവേചനം നേരിട്ടിരുന്നു. പിന്നീട് മത രഹിതയായി ജീവിക്കാന്‍ ആഗ്രഹിച്ച മന്‍സിയ ഹിന്ദുമതത്തില്‍ ജനിച്ച ശ്യാം എന്ന മറ്റൊരു കലാകാരനെ വിവാഹം കഴിക്കുച്ചു. ക്ഷേത്ര ഭരണ സമിതി മതം ഏതാണെന്ന് ചോദിച്ചപ്പോള്‍ തനിക്ക് മതമില്ലന്നായിരുന്നു മന്‍സിയയുടെ മറുപടി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് പാസ്സായ നര്‍ത്തകിയാണ് മന്‍സിയ.

മന്‍സിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Read more

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍
ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.
നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് convert ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം ??
Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..