ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ്; ആര്‍ക്കൊക്കെ പിടിപെടാം? ലക്ഷണങ്ങള്‍ ഇവയൊക്കെ..

കോവിഡ് മുക്തരില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മറ്റൊരു അപൂര്‍വ്വ രോഗം കൂടി കണ്ടെത്തി. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ് ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബീഹാറിലെ പട്‌നയില്‍ നാല് പേര്‍ക്കാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്താണ് വൈറ്റ് ഫംഗസ്?

കൊറോണ വൈറസിന് സമാനമാണ് വൈറ്റ് ഫംഗസ് അണുബാധ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്ലാക്ക് ഫംഗസില്‍ നിന്നും വ്യത്യസ്തമായി ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നീ സുപ്രധാന അവയവങ്ങളിലേക്കാണ് വൈറ്റ് ഫംഗസ് അണുബാധ എളുപ്പത്തില്‍ വ്യാപിക്കുക എന്നാണ് പരാസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഹെഡ് റെസ്പിറേറ്ററി മെഡിസിന്‍/പള്‍മോണോളജി വിഭാഗം ഡോ. അരുണേഷ് കുമാര്‍ പറയുന്നത്.

ലക്ഷണങ്ങള്‍:

കോവിഡ് ബാധയക്ക് സമാനമായി ശ്വാസതടസം, പനി, ജലദോഷം, മണം, സ്വാദ് എന്നിവ അറിയാനുള്ള കഴിവ് നഷ്ടപ്പെടുക തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് വൈറ്റ് ഫംഗസിന്. ബ്ലാക്ക് ഫംഗസിന് ചര്‍മ്മത്തിലെ നിറം നഷ്ടപ്പെടുന്നതായും, ശ്വാസതടസവും, കാഴ്ച മങ്ങുന്ന പ്രശനങ്ങളും ഉണ്ടാകാറുണ്ട്.

ആര്‍ക്കൊക്കെ പിടിപെടാം:

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസ് പിടിപെടാന്‍ കൂടുതല്‍ സാധ്യത. പ്രമേഹ രോഗികള്‍, എയ്ഡ്‌സ് രോഗികള്‍, കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഫംഗസ് ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. കൂടാതെ കോവിഡ് രോഗബാധിതരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ കൊണ്ടും ഈ ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.