കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി എഴുപതുകാരന്‍, വീഡിയോ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന വിചിത്ര വാദവുമായി എഴുപതുകാരന്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.

നാണയങ്ങളും സ്പൂണുകളും പാത്രങ്ങളും അടക്കമുള്ള ലോഹ വസ്തുക്കള്‍ ദേഹത്ത് ഒട്ടിപ്പിടിക്കുന്ന എന്ന വീഡിയോ പങ്കുവച്ചാണ് ഇയാള്‍ എത്തിയിരിക്കുന്നത്. വിയര്‍പ്പ് കാരണമാകും ലോഹവസ്തുകള്‍ ഒട്ടിപ്പിടിച്ചതെന്ന് ആദ്യം കരുതിയത്, എന്നാല്‍ കുളിച്ച് വന്നപ്പോഴും ഇതേ അവസ്ഥ ആണെന്നും അരവിന്ദ് പറയുന്നു.

വാക്‌സിന്‍ എടുത്തതു മാത്രമാണ് സാധാരണയില്‍ നിന്നു വ്യത്യസ്തമായി സമീപ ദിവസങ്ങളില്‍ ചെയ്തത്. അതിനാല്‍ വാക്‌സിന്‍ എടുത്തതാണ് ഇതിന് കാരണമെന്ന് ഇയാള്‍ വാദിക്കുന്നു. വീഡിയോ വൈറലായതോടെ നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയോഗിച്ച ഒരു ഡോക്ടര്‍ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി.

എന്നാല്‍ കാന്തിക ശക്തിക്ക് കാരണം വാക്‌സിന്‍ ആകില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തണം എന്നാണ് ഡോക്ടര്‍ പറയുന്നത്. ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാക്‌സിന്‍ എടുത്താല്‍ ആരുടെയും ശരീരരം കാന്തികമായി മാറില്ലെന്നും പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.