സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് എജി; ‘കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിൽ ‘

സുപ്രീംകോടതിയില്‍ ദിവസങ്ങളായി നിലനിന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍. ചീഫ് ജസ്റ്റിസും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയെന്നും എ.ജി കെകെ വേണുഗോപാല്‍ അറിയിച്ചു. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലായെന്നും അദേഹം പറഞ്ഞു.

ഇന്നു രാവിലെ രണ്ടുകോടതികള്‍ പ്രവര്‍ത്തിച്ചില്ല. മറ്റുള്ളവ ചേരാന്‍ 15 മിനിറ്റ് വൈകി. പ്രതിഷേധിച്ച ജഡ്ജിമാര്‍ കോടതിയിലെത്തിയിട്ടുണ്ട്. ജസ്റ്റിസ്എം.ക.ഗോയല്‍, ജസ്റ്റിസ് യു.യു.ലളിത് എന്നിവരുടെ കോടതി ഇന്ന് ചേരില്ല.

കൊളീജിയം ചേര്‍ന്ന് ഇന്നുതന്നെ പ്രശ്‌നം പരിഹരിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജഡ്ജിമാരേയും ചീഫ് ജസ്റ്റിസിനേയും കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ഫുള്‍കോര്‍ട്ട് ചേരണമെന്നാണ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ആവശ്യം. അതേസമയം പുതിയ ബഞ്ച് തീരുമാനിക്കാത്തതിനാല്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കില്ല.

ഇതിനിടെ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്ന് ആവര്‍ത്തിച്ച് മകന്‍ അനുജ് ലോയ രംഗത്തെത്തി. മരണത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അനുജ് ആരോപിച്ചു. മുംബൈയില്‍ അഭിഭാഷകര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് ലോയയുടെ മകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന, പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണം ഏറെ വിവാദങ്ങളുയര്‍ത്തുകയാണ്. ഇതിനിടെയാണ് ലോയയുടെ മകന്‍ അനൂജ് ലോയ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും, അത്തരക്കാര്‍ കുടുംബത്തില്‍ ഭീതിപടര്‍ത്തുകയാണെന്നും അനൂജ് ലോയ പറഞ്ഞു. ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയമൊന്നും ഇല്ല.

അന്യാവശ്യമായി ശല്യം ചെയ്യരുതെന്നു സംഘടനകളോടും അഭിഭാഷകരോടും സന്നദ്ധപ്രവര്‍ത്തകരോടും അറിയിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്നതെന്നും അനുജ് പറഞ്ഞു. നേരത്തെ ബോംബെ ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിലും അനുജ് ഇക്കാര്യം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.