ലഡാക്കിന് സംസ്ഥാന പദവിയില്ല; പുതിയ ഭരണ മാതൃകയുമായി കേന്ദ്രം
ലഡാക്കിന് സംസ്ഥാന പദവി നൽകാതെ പുതിയ ഭരണ മാതൃക പരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കം. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാക്കാതെ ‘സുയി ജനറിസ്’ മാതൃകയിൽ ലഡാക്കിന് പ്രത്യേക സംവിധാനം ഒരുക്കാനാണ് നീക്കം. ഇതിനായി പാർലമെന്റിൽ പുതിയ ബിൽ കൊണ്ടുവരാനും നിർദേശത്തിന് ലഡാക്ക് അപെക്സ് ബോഡിയുടെ അംഗീകാരം തേടാനും കേന്ദ്രം ആലോചിക്കുന്നതായി സൂചന. ജനങ്ങളുടെ അഭിലാഷം നിയമനിർമാണ, എക്സിക്യൂട്ടീവ്, സാമ്പത്തിക അധികാരങ്ങൾ ലഭിക്കുകയാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.
ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായും ആശിഷ് കുന്ദ്ര വ്യക്തമാക്കി. ചില സംസ്ഥാനങ്ങളുടെ പ്രത്യേക പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ച് താൽക്കാലികവും പ്രത്യേകവുമായ അധികാരങ്ങൾ നൽകുന്നതാണ് ഭരണഘടനയിലെ 371-ാം അനുച്ഛേദം. ജമ്മു കശ്മീരിന്റെ വിഭജനത്തിനും ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതിനും പിന്നാലെയാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയത്.
തുടക്കത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തെ ഒരു വിഭാഗം സ്വാഗതം ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ലഡാക്കിൽ പ്രതിഷേധം ശക്തമായി. സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണവും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഭൂമി, വനം, ജലം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ നിയമനിർമാണ അധികാരമുള്ള പ്രാദേശിക കൗൺസിലുകൾ രൂപീകരിക്കാൻ ആറാം ഷെഡ്യൂൾ വ്യവസ്ഥ ചെയ്യുന്നു. ഇതിനിടെയാണ് സംസ്ഥാന പദവി നൽകാതെയുള്ള പുതിയ ഭരണ മാതൃകയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.
ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിന് ധാരണ; പശ്ചിമേഷ്യൻ സംഘർഷത്തിൽ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന