വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പുതിയ നീക്കം; വീടുകളിലെ സംഭരിച്ച വൈദ്യുതിക്ക് പണം നൽകാൻ സർക്കാർ
രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരികെ നൽകുന്നവർക്ക് മികച്ച തുക നൽകുന്ന പദ്ധതി ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാർ പദ്ധതികൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകളിൽ സോളാർ വൈദ്യുതി നേരിട്ട് സംഭരിക്കാൻ നിലവിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിൽ കമ്മ്യൂണിറ്റി ബാറ്ററി സംവിധാനം നടപ്പാക്കുന്നതും പരിഗണനയിലാണ്. വീടുകളിൽ സ്വന്തമായി വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിക്കുന്നവർക്ക് സബ്സിഡി നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കും. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാന വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതായും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉപഭോഗം ഏകദേശം 1000 മെഗാവാട്ട് വർധിച്ചു. കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കേരളത്തെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും നിലവിലെ വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളം നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിക്കാൻ കഴിയാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. പ്രശ്നപരിഹാരത്തിനായി വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
‘തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട’, സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം: പിണറായി വിജയൻ
‘കോമഡി വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്, നല്ല സ്ക്രിപ്റ്റുകൾ ലഭിക്കുന്നില്ല’; പാർവതി തിരുവോത്ത്