Friday, 11 September 2026
‘Honest storytelling is a powerful means of change
07:11:17 PM IST
Celebrity Talk

‘എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു’; വേർപിരിയൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് ജീവ

SHARE

11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ ജീവ ജോസഫ്. എവിടെയോ എന്തോ തെറ്റിപ്പോയി, 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ് എന്നും ജീവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജീവ തന്നെയാണ് വേർപിരിയൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ജീവയുടെ വാക്കുകൾ

എല്ലാവർക്കും നമസ്‌കാരം, ഇത് പങ്കുവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി. കാരണം എൻ്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം, ഈ യാത്രയിലുടനീളം നിങ്ങളിൽ പലരും എൻ്റെ കൂടെയുണ്ടായിരുന്നു. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്നു, എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും വ്യത്യസ്‌ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് പിന്നിലെ കാരണം പൂർണമായും വ്യക്‌തിപരമാണ്. ഞങ്ങൾ ഇതിനെ എത്രത്തോളം പക്വതയോടെയാണോ സമീപിച്ചത്, അതുപോലെ നിങ്ങളും ഇതിനെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ഇത് വളരെ വ്യക്തിപരമായ ഒരു തീരുമാനമാണ്, ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാര്യങ്ങൾ മനസ്സിലാക്കണമെന്നും അപേക്ഷിക്കുന്നു. പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, ഞാൻ അതിൽ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി.

അപർണയുടെ 32-ാം പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പും, അതിനു താഴെ വിവാഹവാർഷികത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് അപർണ നൽകിയ ‘അതൊക്കെ പണ്ട്’ എന്ന മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് 11 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ജീവ രംഗത്തെത്തിയത്. ടെലിവിഷൻ അവതാരകരെന്ന നിലയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് തിളങ്ങിനിന്ന ദമ്പതികളായിരുന്നു ജീവയും അപർണയും. 2015 ഓഗസ്‌റ്റ് 24-നായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും കുറച്ചുകാലമായി പ്രചരിച്ചിരുന്നുവെങ്കിലും രണ്ടുപേരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →