പുനരുപയോഗിക്കാവുന്ന വെള്ളകുപ്പികളിൽ ടോയ്ലെറ്റ് സീറ്റിനേക്കാള്‍ 40000 മടങ്ങ് ബാക്ടീരിയകളെന്ന് പഠനം

പുനരുപയോഗിക്കാൻ കഴിയുന്ന വെള്ള കുപ്പികളിൽ ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 40000 മടങ്ങ് അപകടകാരികളായ ബാക്റ്റീരിയകളെ കണ്ടെത്തിയതായി പുതിയ പഠനം. യുഎസ് ആസ്ഥാനമായ വാട്ടർഫിൽട്ടർഗുരു ഡോട്ട് കോമിലെ വിദഗ്ധരുടെ ഒരു സംഘമാണ് കണ്ടെത്തലിന് പിന്നിൽ. സ്‌പൗട്ട് ലിഡ്, സ്ക്രൂ ടോപ്പ് ലിഡ്, സ്‌ട്രേ ലിഡ്, സ്‌ക്യൂസ് ടോപ്പ് ലിഡ് ബോട്ടിലുകളിൽ വിവിധ ഭാഗങ്ങളിലായി മൂന്ന് തവണ പരിശോധിച്ചപ്പോൾ ഇവയിൽ ബാസിലിയോസ്, ഗ്രാം നെഗറ്റീവ് റോഡ്സ് എന്നിങ്ങനെ രണ്ട് തരം ബാക്ടീരിയകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുപ്പികളിൽ ഉള്ളതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു.

ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾക്കും കുടലുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾക്കും കാരണമാകുമെന്നും ചില ബാസിലിയോസ് ബാക്ടീരിയകൾ ദഹനനാളത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ അവരുടെ പഠനത്തിൽ പറയുന്നുണ്ട്. സാമ്പിള്‍ പരിശോധനയില്‍ സൂക്ഷ്മാണുക്കളുടെ യൂണിറ്റുകളുടെ എണ്ണം കണക്കാക്കിയപ്പോള്‍ ശരാശരി 20.8 ദശലക്ഷമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വീട്ടിലുള്ള മറ്റ് നിത്യോപയോഗ വസ്തുക്കളുമായി ഈ വാട്ടർ ബോട്ടിലുകൾ താരതമ്യം ചെയ്തപ്പോൾ അടുക്കളയിലെ സിങ്കിലുള്ളതിനേക്കാൾ ഇരട്ടിയിലധികം അണുക്കൾ ഈ വാട്ടർ ബോട്ടിലുകളിൽ ഉള്ളതായും കണ്ടെത്തി. കമ്പ്യൂട്ടർ മൗസിൽ ഉള്ള ബാക്ടീരിയകളുടെ നാലിരട്ടിയും, വളർത്തുമൃഗങ്ങളുടെ കുടിവെള്ള പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ വെള്ള കുപ്പികളിൽ ഉള്ളതായും പഠനം കണ്ടെത്തി.

കുപ്പിയുടെ ഏറ്റവും വൃത്തിയുള്ള ഭാഗം കുപ്പിയുടെ അടപ്പാണ് എന്നാണ് ഗവേഷകർ പറയുന്നത്. ബാക്ടീരിയകളുടെ പത്തിലൊന്ന് മാത്രമാണ് അടപ്പിൽ അടങ്ങിയിരിക്കുന്നത്. പഠനം നടത്താനായി പരീക്ഷിച്ച മൂന്ന് ബോട്ടിലുകളിൽ സ്‌ക്വീസ് ടോപ്പ് ബോട്ടിലുകളാണ് ഏറെ വൃത്തിയുള്ളതെന്നും പഠനം വെളിപ്പെടുത്തി. സ്ക്രൂ-ടോപ്പ് മറ്റ് മൂടികളുമായി താരതമ്യം ചെയ്തപ്പോൾ, ഈ കുപ്പികളിൽ ബാക്ടീരിയയുടെ പത്തിലൊന്നാണ് ഉള്ളത്. ഈ ബാക്ടീരിയകളെ തടയാൻ വേണ്ടി പുനരുപയോഗിക്കാവുന്ന കുപ്പികൾ ദിവസത്തിൽ ഒരു തവണയെങ്കിലും ചൂടുള്ള വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകാനും ആഴ്ചയിൽ ഒരു തവണയെങ്കിലും അണുവിമുക്തമാക്കാനും ഗവേഷകർ ശുപാർശ ചെയ്തു കഴിഞ്ഞു.

അതേസമയം, എണ്ണമറ്റ സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയകളുടെയും ആവാസ കേന്ദ്രമാണ് ഒരു മനുഷ്യന്റെ വായ എന്നും ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇംപീരിയൽ കോളേജ് മോളിക്യുലാർ മൈക്രോബയോളജിസ്റ്റായ ഡോ. ആൻഡ്രൂ എഡ്വേർഡ്സ് പറയുന്നത്. ഇത്തരത്തിലുള്ള വെള്ള കുപ്പികൾ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാണ്. എന്നാൽ ഇവ അപകടകരമല്ലെന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് ഡോ സൈമൺ ക്ലാർക്ക് പറഞ്ഞു. വെള്ളക്കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച് ഒരാൾക്കും അസുഖം വന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, വെള്ളകുപ്പികളിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ തന്നെയാണ് മനുഷ്യരുടെ വായയിലും ഉള്ളതെന്നും ക്ലാർക്ക് പറഞ്ഞു.

ഇക്കാലത്ത് വാട്ടർ ബോട്ടിലുകളിലും പ്ലാസ്റ്റികിന്റെ സ്വാധീനം വളരെ കൂടുതലായി മാറി കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും ആരോഗ്യത്തിനും പരിസ്ഥിതിക്കും നല്ലതല്ല എന്നറിഞ്ഞിട്ടും ഇന്നും അവ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് പല സ്ഥലങ്ങളിലും ഇന്നും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. സ്ഥിരമായി റീയൂസബിൾ വാട്ടർബോട്ടിലുകൾ ഉപയോഗിക്കുന്ന ആളുകളാണ് മിക്കവരും എന്നതിൽ സംശയമില്ല. കാരണം യാത്രകളിലും മറ്റും എളുപ്പത്തിൽ കൊണ്ടുപോകുന്ന ഒന്നാണ് റീയൂസബിൾ ആയ വാട്ടർ ബോട്ടിലുകൾ. എന്നിരുന്നാലും ഇനി മുതൽ വെള്ള കുപ്പികൾ വൃത്തിയോടെയും അണുവിമുക്തമാക്കിയും വേണം ഉപയോഗിക്കാൻ എന്നതാണ് ഈ പഠനത്തിലൂടെ നമ്മൾ മനസിലാക്കേണ്ടത്.