യാത്ര ചെയ്യാന്‍ പാമ്പും; വിമാനം നിലത്തിറക്കി അധികൃതര്‍, വീഡിയോ വൈറല്‍

യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കോലാലംപൂരില്‍ നിന്നു ടവൗവിലേക്ക് വ്യാഴാഴ്ച യാത്ര തിരിച്ച എയര്‍ ഏഷ്യാ വിമാനത്തിലാണ് സംഭവം.

വിമാനത്തിന് മുകളില്‍ ലഗേജുകള്‍ വെക്കുന്ന ഭാഗത്തായാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. സ്‌നേക്ക് ഓണ്‍ എ പ്ലെയ്ന്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചത്.

പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒന്നടങ്കം ഭയന്നതിനെ തുടര്‍ന്ന് വിമാനത്തിന്റെ വഴി തിരിച്ച് വിട്ട് കുച്ചിങ്ങ് എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ വിമാനത്തില്‍ പരിശോധന നടത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. പാമ്പ് വിമാനത്തിനകത്ത് എങ്ങനെ എത്തി എന്ന് വ്യക്തമായിട്ടില്ല.വിമാനത്താവളത്തില്‍ നിന്നും കയറിക്കൂടിയതോ, അല്ലെങ്കില്‍ ഏതെങ്കിലും യാത്രക്കാരുടെ ബാഗില്‍ ഉണ്ടായിരുന്നത് ആകാം എന്നാണ് കരുതുന്നത്.

യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നും എയര്‍ലൈന്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലിയോങ് ടിയെന്‍ ലിംങ്ങ് അറിയിച്ചു.