പവർ യോഗ - പവർഫുളാണ് സിമ്പിളുമാണ്; വണ്ണം കുറയ്ക്കാൻ ഇതിലും നല്ല മാർഗമില്ല

ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകാതെ, ക്ഷീണം തോന്നാതെ നമുക്ക് നല്ല ഫലം ലഭിക്കുമെന്നതാണ് യോഗയുടെ പ്രധാന ഗുണങ്ങളിലൊന്ന്. ശരീരത്തോടൊപ്പം മനസ്സിനും ഗുണം ലഭിക്കുന്നു. ആന്തരിക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ യോഗയുടെ വികസനം നിരവധി ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. ഗൂഗിളിൽ ഏറ്റവും അധികം തിരച്ചിലുകൾ നടക്കുന്ന കാര്യങ്ങളിലൊന്നാകും ശരീരഭാരം കുറയ്ക്കാനുള്ള യോഗ എന്നത്. യോഗ, ആരോഗ്യകരമായ ഭക്ഷണവുമായി സംയോജിപ്പിക്കുമ്പോൾ, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിർത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അത് പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അഷ്ടാംഗ യോഗയിൽ വേരുകളുള്ള യോഗയുടെ ഒരു ആധുനിക രൂപമാണ് പവർ യോഗ. ഇത് നിങ്ങളുടെ മുഴുവൻ ശരീരത്തിനും ശക്തി കൂട്ടുന്ന വ്യായാമമാണ്.

മനുഷ്യശരീരത്തെ ശക്തിപ്പെടുത്തുന്ന ചില പോസുകൾ മാത്രമല്ല യോഗ. ശ്വസനം ക്രമീകരിക്കുന്നതിനൊപ്പം ഊർജ്ജം, മെറ്റാബോളിസം, എന്നിവ മെച്ചപ്പെടുത്തുന്നു. മസിൽ ടോൺ വർദ്ധിപ്പിക്കുന്നു.ശരീരവണ്ണം കുറയ്ക്കുന്നു. ഒപ്പം മികച്ച സ്ട്രെസ് മാനേജ്മെന്റായും വർത്തിക്കുന്നു. മിക്കപ്പോഴും, ശരീരഭാരം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം സ്ട്രെസാണ്. മാനസിക സമ്മർദ്ദത്തെ നേരിടാൻ യോഗ സഹായിക്കും.യോഗാഭ്യാസങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അൽപ്പസമയം ബ്രീത്തിംഗ് എക്സസൈസ് ചെയ്യാം. ഇത് ശരീരത്തെ സജ്ജമാക്കുന്നതിനൊടൊപ്പം ഉൻമേഷവും നൽകും.

പവർഫുൾ പവർ യോഗ

തുടക്കക്കാർക്ക് യോഗയേക്കാൾ അൽപ്പം കൂടുതൽ കലോറി എരിച്ച് കളയാൻ ഇത് സഹായിക്കുന്നു. ഇത് മെറ്റബോളിസം ഉത്തേജിപ്പിക്കുന്നു. ശരീരത്തിന് ശക്തി, കരുത്ത്, വഴക്കം, ടോൺ എന്നിവ ഉണ്ടാക്കാൻ പവർ യോഗ ഉപയോഗപ്രദമാണ്.കൂടാതെ ഇത് നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ടെൻഷനും സമ്മർദ്ദവും ഗണ്യമായി കുറയുന്നതിനാൽ മാനസികമായി ആരോഗ്യം കൈവരിക്കാൻ സഹായകമാകുന്നു. പവർ യോഗ വർക്ക്ഔട്ട് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ഒരു വാം-അപ്പ് ആയി സൂര്യ നമസ്കാരം നടത്താം, അല്ലെങ്കിൽ സൂര്യ നമസ്ക്കാരം തന്നെ പവർ യോഗ ആയി ചെയ്യാം. ശരീരത്തിലെ എല്ലാ പ്രധാന പേശികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സൂര്യ നമസ്‌കാരത്തിന് വളരെയധികം ഗുണങ്ങളുണ്ട്.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പവർ യോഗ പോസുകൾ

പവൻ മുക്താസന

ആമാശയത്തിൽ നിന്നും ആമാശയ മേഖലയിൽ നിന്നും അധിക കൊഴുപ്പ് പുറന്തള്ളാൻ പവൻ മുക്താസന സഹായിക്കുന്നു.ഈ ആസനത്തിലൂടെ ദഹനം, ശരീരോർജ്ജം, ആന്തരികാവയവങ്ങളുടെ ബലപ്പെടൽ എന്നിവ കൈവരിക്കാനുമാകും.

ത്രികോണാസന

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ യോഗാപോസുകളിലൊന്നാണ് ത്രികോണാസന അഥവാ സൈഡ് സ്ട്രെച്ച് പോസ്. ഇടുപ്പിലേയും വയറിലേയും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനൊപ്പം ആകാരവടിവും പ്രദാനം ചെയ്യുന്നു. അധിക കലോറി കത്തിക്കുന്ന പോസു കൂടിയാണിത്. ത്രികോണാസനം ദഹനം മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സർവാംഗാസന

ശരീരോർജ്ജം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ ഒന്നിലധികം ഗുണങ്ങളോടെയാണ് സർവാംഗാസനം വരുന്നത്. എന്നാൽ ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും തൈറോയ്ഡ് അളവ് സന്തുലിതമാക്കുന്നതിനും പേരു കേട്ടതാണ്. സർവാംഗാസന ശരീരത്തെയും വയറിലെ പേശികളെയും കാലുകളെയും ശക്തിപ്പെടുത്തുന്നു, ശ്വസനവ്യവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുന്നു.

ഭുജംഗാസന

ഭുജംഗാസന അല്ലെങ്കിൽ കോബ്രാ പോസ് ഹഠ യോഗയിലും വ്യായാമമെന്ന നിലയിൽ ആധുനിക യോഗയിലും പ്രശസ്തിയാർജ്ജിച്ചതാണ്. ഊർദ്ധ്വ മുഖ ശ്വാസനത്തിന് പകരമായി സൂര്യ നമസ്കാരത്തിൽ ഇത് ചെയ്യാറുണ്ട്.

ശവാസന

മൃതസഞ്ജീവനി, അല്ലെങ്കിൽ മൃതാസനം, ഹഠ യോഗയിലെ ഒരു ആസനമാണ്.ആധുനിക യോഗ ഒരു വ്യായാമമെന്ന നിലയിലും, പലപ്പോഴും ഒരു സെഷന്റെ അവസാനത്തിൽ വിശ്രമിക്കാനും ഇത് ഉപയോഗിക്കുന്നു.

ഉത്തൻപാദാസനം, വീരഭദ്രാസനം, അർദ്ധ ചന്ദ്രാസനം, പശ്ചിമോത്താസനം എന്നിങ്ങനെ ശരീരഭാരം കുറയ്ക്കാൻ വളരെ പ്രധാനപ്പെട്ട മറ്റ് നിരവധി പവർ യോഗ ആസനങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി തടയാനുമുള്ള ഉചിതമായ വഴിയായി തന്നെ പവർ യോഗ കണക്കാക്കപ്പെടുന്നു.