ജപ്പാനിലെ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് 'അകിയ'കൾക്ക് പിന്നിൽ...

ആധുനിക നഗരങ്ങൾക്കും, നൂതന സാങ്കേതികവിദ്യകൾക്കും, മനോഹരമായ പാരമ്പര്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ. എന്നാൽ ഇതിനുമപ്പുറത്തേക്ക് അതിശയിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യമുണ്ട്. രാജ്യമെമ്പാടും ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് ഒഴിഞ്ഞ വീടുകൾ… ജാപ്പനീസ് ഭാഷയിൽ ‘അകിയ’ എന്നാണ് ഇവയെ വിളിക്കുന്നത്. ഒഴിഞ്ഞ വീട് എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇന്ന് അകിയ വീടുകൾ ജപ്പാന് ഒരു വെല്ലുവിളിയും അതേസമയം അവസരവുമായി മാറുകയാണ്.

ജപ്പാനിലെ ജനസംഖ്യ പതിറ്റാണ്ടുകളായി കുറഞ്ഞു വരികയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും വേഗത്തിൽ പ്രായമാകുന്ന സമൂഹവും ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ. നിരവധി യുവാക്കൾ അവരുടെ ജന്മനാടുകൾ ഉപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്ന് ടോക്കിയോ, ഒസാക്ക പോലുള്ള വലിയ നഗരങ്ങളിലേക്ക് ജോലി തേടി താമസം മാറി പോകാറുണ്ട്. ഇതോടെ വീടുകളിലെ പ്രായമായ കുടുംബാംഗങ്ങൾ മരിക്കുമ്പോൾ ആരും അവിടെ താമസിക്കാൻ ആഗ്രഹിക്കാത്തതിനാൽ വീടുകൾ പലപ്പോഴും ശൂന്യമായി കിടക്കും.

മറ്റൊരു കാരണം ജപ്പാന്റെ പുതിയ കെട്ടിടങ്ങളോടുള്ള സാംസ്കാരിക മുൻഗണനയാണ്. പഴയ വീടുകൾ പുതുക്കിപ്പണിത് പുനരുപയോഗിക്കുന്ന പല രാജ്യങ്ങളിലും നിന്നും വ്യത്യസ്തമായി ജപ്പാനിൽ പഴയ വീട് വാങ്ങുന്നതിനേക്കാൾ പുതിയത് പണിയാനാണ് പലപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നത്. നല്ല നിലയിലാണെങ്കിൽ പോലും പല വീടുകളും ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെടുകയും പതുക്കെ നശിക്കുവാനും ഇത് കാരണമാകുന്നു.

സർക്കാർ സർവേകൾ പ്രകാരം, ജപ്പാനിൽ 8 ദശലക്ഷത്തിലധികം അകിയ വീടുകളുണ്ട്. ഈ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വീടുകളുടെ നിരകൾ തന്നെ നമുക്ക് കാണാനാകും. ചില പ്രദേശങ്ങൾ പ്രേതസമാനമായ ഒരു പ്രതീതിയും നൽകാറുണ്ട്. ഉപേക്ഷിക്കപ്പെട്ട വീടുകൾ സുരക്ഷിതമല്ലാത്തതാകാനും, കീടങ്ങൾ വരാനും, അയൽപക്കങ്ങളുടെ ഭംഗി കുറയ്ക്കാനും സാധ്യതയുള്ളതിനാൽ ഈ സാഹചര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജാപ്പനീസ് സർക്കാരും തദ്ദേശ കൗൺസിലുകളും അവതരിപ്പിച്ച ഒരു ജനപ്രിയ ആശയമാണ് ‘അകിയ ബാങ്ക്’. വളരെ കുറഞ്ഞ വിലയ്ക്കോ ചിലപ്പോൾ സൗജന്യമായോ പോലും ഒഴിഞ്ഞ വീടുകൾ ലിസ്റ്റ് ചെയ്യുന്ന ഡാറ്റാബേസുകളാണിത്. ഇതുവഴി വീട് വാങ്ങുന്നവർ നികുതി, നവീകരണചെലവുകൾ അല്ലെങ്കിൽ ചെറിയ അഡ്മിനിസ്ട്രേറ്റീവ് ഫീസ് എന്നിവ മാത്രമേ അടച്ചാൽ മതിയാകും. ഈ നയം ജാപ്പനീസ് പൗരന്മാരെ കൂടാതെ ജപ്പാനിൽ ജീവിക്കാൻ സ്വപ്നം കാണുന്ന വിദേശികളെയും ആകർഷിച്ചു. ചിലർ ലളിതമായ ജീവിതശൈലി ആസ്വദിക്കാൻ ഗ്രാമപ്രദേശങ്ങളിൽ അകിയ വീടുകൾ വാങ്ങാറുണ്ട്. മറ്റുചിലർ അവയെ ഗസ്റ്റ് ഹൗസുകളോ കഫേകളോ ആർട്ട് സ്റ്റുഡിയോകളോ ആക്കി മാറ്റുകയും ചെയ്യുന്നു. ഇത് ഗ്രാമീണ സമൂഹങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും പതുക്കെ നശിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിലേക്ക് പുതിയ ജീവൻ കൊണ്ടുവരികയും ചെയ്യുന്നു.

വില കൂടിയ വീടുകൾ വാങ്ങാൻ കഴിയാത്ത യുവാക്കൾക്ക് വില കുറച്ച് വീടുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെയാണ് ജപ്പാൻ ഇവിടെ അവസരമൊരുക്കുന്നത്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലെ പട്ടണങ്ങൾക്ക് പുതിയ താമസക്കാരെയും ബിസിനസുകളെയും ആകർഷിക്കാൻ ഇവർക്ക് സാധിക്കുന്നു. മാത്രമല്ല, അകിയ വീടുകളെ പരമ്പരാഗത ഗസ്റ്റ് ഹൗസുകളാക്കി മാറ്റുന്നതിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നു. അവസരങ്ങൾ പോലെത്തന്നെ വെല്ലുവിളികളും ഉണ്ട്. വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നതിനാൽ പല അകിയ വീടുകൾക്കും വലിയ അറ്റകുറ്റപ്പണികൾ വേണ്ടി വരും. വീട് വാങ്ങുന്നതിനേക്കാൾ കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. ചില വീടുകൾ ജോലികളോ സൗകര്യങ്ങളോ കുറവുള്ള വളരെ വിദൂര പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ആളുകൾക്ക് അവിടെ സ്ഥിരമായി താമസിക്കാനും പ്രയാസമായിരിക്കും.

Read more