‘ലേബർ കോഡ് നടപ്പിലാക്കി ഇല്ലെങ്കിൽ തൃശങ്കു സ്വർഗത്തിലാകും, തൊഴിലാളി വിരുദ്ധ നിലപാട് സർക്കാർ ഒരു സ്ഥലത്തും സ്വീകരിക്കില്ല’; മുഖ്യമന്ത്രി
മുഖ്യമന്ത്രി വി.ഡി. സതീശനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരേവേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെ ഇരുവരും ആദ്യമായാണ് ഒരുമിച്ച് വേദിയിലെത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് ഐഎൻടിയുസിയുടെ പരിപാടി മാറ്റിവെച്ചിരുന്നു.
യോഗത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയാണ് ആർ. ചന്ദ്രശേഖരൻ സംസാരിച്ചത്. ഊർജസ്വലനായ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും ഐഎൻടിയുസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മണിയടിക്കുന്ന ആളല്ല’ എന്നും മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ബിഗ് സല്യൂട്ട് നൽകുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്നും 2,100ലേറെ പേർ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കഴിഞ്ഞ ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചു. അന്ന് ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും ഇന്നത്തെ യോഗം താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ തളർത്തുന്ന സമീപനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമമെന്നും പൊതുമേഖലാ സ്ഥാപനമാണെന്ന പേരിൽ സമ്പത്ത് ചോർത്തിക്കളയാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ നിക്ഷേപകർ വിവിധ മേഖലകളിൽ നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ടുവരുന്നുണ്ടെന്നും അവരുമായി സർക്കാർ ചർച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖല വരുന്നതിൽ എതിർപ്പില്ലെങ്കിലും തൊഴിലാളികളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി. തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ടുള്ള സംരംഭങ്ങളും തൊഴിലാളിയെയും പ്രകൃതിയെയും സംരക്ഷിക്കാത്ത പദ്ധതികളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഐഎൻടിയുസിയുടെ നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്നും തൊഴിലാളിവിരുദ്ധ നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം, അതിലൊരു മാറ്റവുമില്ല; ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
സെപ്റ്റംബര്‍ 26 മുതല്‍ 5 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും; ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ