പോലീസിനു സുപ്രീംകോടതിയുടെ പൂട്ട്; കാരണങ്ങൾ പറയാതെയുള്ള അറസ്റ്റ് റദ്ദാക്കിയാൽ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ മജിസ്ട്രേറ്റിൻ്റെ അനുമതി നിർബന്ധം
കാരണങ്ങൾ വ്യക്തമാക്കാതെ അറസ്റ്റ് ചെയ്ത നടപടി കോടതി റദ്ദാക്കിയാൽ, അതേ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇനി മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധം. ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) ലംഘിച്ചതിന്റെ പേരിൽ വിട്ടയക്കപ്പെട്ട പ്രതിയെ വീണ്ടും പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി.
ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ആദ്യ അറസ്റ്റ് നിയമവിരുദ്ധമെന്ന് കണ്ട് പ്രതിയെ വിട്ടയച്ചാൽ പിന്നെ പഴയതുപോലെ എളുപ്പത്തിൽ വീണ്ടും അറസ്റ്റ് ചെയ്യാനാവില്ല. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ അപേക്ഷ നൽകി അനുമതി വാങ്ങണം. ഇതിന് മുമ്പായി പ്രതിക്ക് അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം നൽകിയിരിക്കണമെന്നും സുപ്രീം കോടതി കർശന നിർദേശം നൽകി.
ആദ്യ തവണ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത അതേ പൊലീസ് ഉദ്യോഗസ്ഥന് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മജിസ്ട്രേറ്റിന് നൽകുന്ന അപേക്ഷയിൽ, ആദ്യം അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ തൊട്ടുമുകളിലുള്ള മേലുദ്യോഗസ്ഥന്റെ ഒപ്പ് നിർബന്ധമാണ്. ആദ്യ തവണ പ്രതിക്ക് അറസ്റ്റിന്റെ കാരണങ്ങൾ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന കൃത്യമായ വിശദീകരണവും ഈ അപേക്ഷയിൽ ഉണ്ടായിരിക്കണം.
നിയമവിരുദ്ധമായി അറസ്റ്റ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കേസിന്റെ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
മജിസ്ട്രേറ്റിന് ബോധ്യപ്പെടുന്ന കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇനിമുതൽ റീ-അറസ്റ്റിന് അനുമതി ലഭിക്കൂ. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ, വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അധികാരം അത് ആദ്യം ലംഘിച്ച ഉദ്യോഗസ്ഥന്റെ താൽപര്യത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അത് ജുഡീഷ്യൽ മേൽനോട്ടത്തിൽ മാത്രമേ പാടുള്ളൂവെന്നും ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ വിധിന്യായത്തിൽ എടുത്തുപറഞ്ഞു. പ്രത്യേക നിയമങ്ങൾക്ക് കീഴിലുള്ള അറസ്റ്റുകൾക്ക് ഉൾപ്പെടെ ഈ നിർദേശങ്ങൾ ബാധകമാണ്. പൗരന്റെ മൗലികാവകാശമായതിനാൽ ഇതിലൂടെ തനിക്ക് എന്ത് നഷ്ടമാണുണ്ടായതെന്ന് പ്രതി തെളിയിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം, അതിലൊരു മാറ്റവുമില്ല; ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
‘ആസിഫ് ഒരു ചക്കരയാണ്, ആരേയും പരിഹസിക്കാൻ ശ്രമിച്ചിട്ടില്ല’; പലരും വേറൊരു തരത്തിലേക്ക് എടുത്തു: മീര അനിൽ