ട്രഷറി തുറന്നിട്ട് തോമസിൻെറ പുഴുക്ക്

സെബാസ്റ്റ്യൻ പോൾ

കേരളത്തിന് കിട്ടാനുള്ള കാശ് കണക്ക് പറഞ്ഞ് വാങ്ങാൻ നിർമല സീതാരാമനെ കാണാൻ പോയ കെമിസ്ട്രി മാഷ് കെ വി തോമസ് സ്ഫടികത്തിലെ ചാക്കോ മാഷ് പറഞ്ഞതുപോലെ ബബ്ബബ്ബ ബബ്ബബ്ബയായി പുറത്തേക്കു വന്നു. അധികാരത്തിൻെറ രസതന്ത്രത്തിലെ ഫോർമുലകൾ അനായാസം ഹൃദിസ്ഥമാക്കിയിട്ടുള്ള ഈ മാഷ് രുചിയുടെ രസക്കൂട്ടുകളുടെ പ്രയോഗത്തിലും വിദഗ്ധനാണ്. സോണിയയ്ക്ക് മടുത്താൽ രസിപ്പിക്കാൻ പിണറായിയുണ്ടെന്നതാണ് രാഷ്ട്രീയത്തിലെ രസതന്ത്രം. മുടിയനായ പുത്രൻ തിരിച്ചുവരുമ്പോൾ കൊഴുത്ത കാളക്കുട്ടിയെ അറക്കുന്നത് നല്ല പിതാവിൻെറ ലക്ഷണം. പക്ഷേ വന്നു കയറുന്നവനെ പട്ടുവസ്ത്രം ധരിപ്പിച്ചും സ്വർണമോതിരമണിയിച്ചും സ്വീകരിക്കുന്നത് അത്ര നല്ല കാര്യമല്ല. വന്നു കയറുന്നവർക്ക് സ്വീകാര്യതയുണ്ടാകുന്നു; നിൽക്കുന്നവർക്കും ഇറങ്ങിപ്പോകാത്തവർക്കും ഇരിപ്പിടം കിട്ടുന്നില്ല. അടുത്ത വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടവൻ ആദ്യം കാണുന്ന വീട്ടിൽ അഭയം തേടുമ്പോൾ അതിനെ വീടു വിട്ടു പോയ പുത്രൻെറ തിരിച്ചുവരവായി കാണാനാവില്ല.

   ക്യാബിനറ്റ് റാങ്കോടെയാണ് കെ വി തോമസ് ഡൽഹിയിൽ കേരളത്തിൻെറ പ്രതിനിധിയായി പ്രവർത്തിക്കുന്നത്. ജയലളിത മുഖ്യമന്ത്രിയായപ്പോൾ ഒരു രൂപ മാത്രം ശമ്പളം വാങ്ങിയതിനെ അനുസ്മരിപ്പിച്ചുകൊണ്ടായിരുന്നു ശമ്പളം വാങ്ങാതെയുള്ള തോമസിൻെറ സംസ്ഥാനത്തിനുവേണ്ടിയുള്ള കണക്കില്ലാത്ത സേവനം. മരണാനന്തരം ജയലളിതയുടെ സ്വത്തിൻെറ കണക്കെടുത്തപ്പോൾ ഒരു രൂപയുടെ മൂല്യം എന്തെന്ന് നാമറിഞ്ഞു.

കെ വി തോമസിൻെറ നിയമനം പാഴ്ചെലവാണെന്നാണ് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്. പ്രേമചന്ദ്രന് പാഴ്ചെലവായി തോന്നുന്നത്  മറ്റു ചിലർക്ക് നല്ല ചെലവായി തോന്നും. അത് വീക്ഷണത്തിൻെറ വ്യത്യാസമാണ്. ആശാ പ്രവർത്തകരുടെ പ്രശ്നം തീർക്കാൻ കഴിയാത്ത സർക്കാർ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിൻെറ ഉദ്ദേശ്യമെന്താണ്. വാങ്ങുന്നയാൾക്ക് നാണമില്ലെങ്കിൽ കൊടുക്കുന്നയാൾക്കെങ്കിലും അതുണ്ടാകണം. മാനദണ്ഡങ്ങൾക്കനുസൃതമായല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും ഖജനാവിൽനിന്ന് പണമെടുത്തു കൊടുക്കാൻ വേലുത്തമ്പിയുടെ നാട്ടുകാരനായ ബാലഗോപാലിന് എങ്ങനെ സാധിക്കുന്നു? ആരുടെയും ന്യായമായ ഏതു കാര്യത്തിലും ഒബ്ജക്ഷൻ പറയുന്ന ധനവകുപ്പ് ഈയൊരാളുടെ കാര്യത്തിൽ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അഞ്ചു തവണ സിപിഎമ്മിനെ പരാജയപ്പെടുത്തി നാണം കെടുത്തിയ  ആളാണ് കെ വി തോമസ്. മൂന്നു തവണ സിപിഎമ്മിന് ഈ സീറ്റ് അഭിമാനകരമായ രീതിയിൽ നേടിക്കൊടുത്തയാളാണ് ഞാൻ. പാർട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗികവസതിയിൽ പാതി പാർട്ടിക്ക് നൽകുകയും ചെയ്തയാളാണ് ഞാൻ. പാർട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും  പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എൻെറ ക്ഷേമത്തിൽ താത്പര്യം കാണിക്കാത്ത പാർട്ടി എതിർപാളയത്തുനിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതരസാധാരണമാണ്. സ്കൂളിൽ പഠിക്കുമ്പോൾ Poor Thomas എന്ന പാഠം പഠിച്ചതോർക്കുന്നു.

തോമസിനോടുള്ള കുശുമ്പുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആയിരക്കണക്കിന് സഖാക്കൾ ജീവൻ ത്യജിച്ചും രക്തമൊഴുക്കിയും നേടിയ അധികാരത്തിൻെറ പങ്ക് അനർഹർ കാംക്ഷിക്കരുത്. സർക്കാരിൻറേതായ ഒരു പദവിയും ഞാൻ സ്വീകരിക്കാതിരിക്കുന്നത് ഇക്കാരണത്താലാണ്. നഷ്ടപ്പെടുന്നത് ഒരു ഇന്നോവ കാറും കുറേ ലക്ഷങ്ങളും. നേടാനും നിലനിർത്താനുമുള്ളത് വിലമതിക്കാനാവാത്ത ആത്മഗൗരവം. ആർക്കും കുറവ് വരുത്താൻ കഴിയാത്ത വിധം അതെനിക്ക് സമൃദ്ധമായുണ്ട്. 2009ൽ ഞാൻ ജയിക്കുമെന്ന് ഉറപ്പായിരിക്കേ എന്നെ ഒഴിവാക്കി സിന്ധു ജോയിയെ കൊണ്ടുവന്ന് കെ വി തോമസിൻെറ വിജയം ഉറപ്പാക്കിക്കൊടുത്ത സഖാക്കൾക്ക് അല്ലെങ്കിൽ നേതാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കെ വി തോമസ് അവരുടെ പ്രിയപ്പെട്ട തോമസ് മാഷാണ്. ഇവരെയൊക്കെ എവിടെ എന്താണ് ഈ മാഷ് പഠിപ്പിച്ചതെന്നറിയില്ല.

Read more

മാസം കിട്ടുന്ന പത്തു മുപ്പതു ലക്ഷം രൂപ തോമസ് പുഴുങ്ങിത്തിന്നുമോ എന്നാണ് ജി സുധാകരൻെറ ചോദ്യം. തോമസിൻെറ പുഴുക്കിന് ഇത്രയും പണം വേണ്ട. എംപിയായിരുന്നപ്പോൾ തോമസിൻെറ വിമാനയാത്രാ ടിക്കറ്റ് കാൻസലേഷൻ പ്രസിദ്ധമായിരുന്നു. കമിഴ്ന്നു വീണാൽ കാൽപ്പണം എന്നതാണ് തോമസിൻെറ തത്ത്വശാസ്ത്രം. ഫ്രഞ്ച് ചാരക്കേസുൾപ്പെടെ പലതരം വിനോദങ്ങൾ,​ പലതരം പെൻഷൻ,​ ബിസിനസ് എല്ലാമുണ്ട്.  പണ്ട് വിദേശനാണ്യത്തിനു ബുദ്ധിമുട്ടുള്ള കാലത്ത് ഇന്ത്യൻ എക്സ്പ്രസിൻെറ വാഷിങ്ടണിലും ലണ്ടനിലും പ്രവർത്തിക്കുന്ന പ്രതിനിധികൾക്ക് പിശുക്കനായ ഗോയങ്ക ഉദാരമായി പണം അയക്കുമായിരുന്നു. അവർക്ക് ചെലവാക്കാനല്ല,​ ഗോയങ്ക എത്തുമ്പോൾ ചെലവാക്കാനായിരുന്നു ആ പണം. പരസ്യമായും രഹസ്യമായും തോമസിനു കൈയിട്ടു വാരാൻ ഖജനാവ് തുറന്നിടുന്നവർ വെറും മണ്ടന്മാരല്ല.  സീക്രട്ട് ഓപറേഷൻസിനുവേണ്ടി പ്രവർത്തിക്കുന്ന തോമസുമാർ നിരവധിയുണ്ടാകാം. അബദ്ധമായാൽ വിട്ടോടാ തോമസുകുട്ടീ എന്ന് വിളിച്ചുകൊണ്ട് സഹകാരികൾ സ്ഥലം വിടും. തോൽപിക്കാൻ നടക്കുമ്പോഴും തോമസിനെ മാഷെന്നു മാത്രം വിളിക്കുന്ന സഖാക്കളെയും സഹകാരികളുടെ കൂട്ടത്തിൽപ്പെടുത്തണം. ■