'2024 മോദിക്ക് ഈസിവാക്കോവറാകില്ല, തെരുവിലിറങ്ങിയാല്‍ കോണ്‍ഗ്രസിന് ഭാവിയുണ്ട്' ജോസി ജോസഫുമായുളള അഭിമുഖം

അരുണ്‍ഷൂരിക്ക് ശേഷമുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ തലമുറയിലെ പ്രതിഭാധനരായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ജോസി ജോസഫ്. മാധ്യമപ്രവര്‍ത്തനമെന്നത് നിരന്തരമായ സാമൂഹിക ഇടപടെലാണെന്നുറപ്പിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഈ ആലപ്പുഴക്കാരന്‍. ഇന്ത്യന്‍ ഭരണവര്‍ഗവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ആഴമളക്കാനാകാത്ത ചങ്ങാത്തത്തെപ്പറ്റി അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിവ പുറത്ത് കൊണ്ട് കൊണ്ട് വന്നത് അദ്ദേഹം നടത്തിയ നിര്‍ഭയമായ മാധ്യമ ഇടപടലുകളായിരുന്നു. എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്- ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ, ദ സൈലന്റ് കൂ- എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളാണ്. ഇന്ത്യയിലെ പ്രശസ്തമായ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസി ജോസഫ് അന്വേഷണാത്മക മാധ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഡല്‍ഹി ആസ്ഥാനമായ കോണ്‍ഫ്‌ളുന്‍സ് മീഡിയയുടെ സ്ഥാപകനാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം, 2024 നും ശേഷവും മോദി ആയിരിക്കുമോ? രാഹുലിന്റെയും കോണ്‍ഗ്രസിന്റെ ഭാവി? തുടങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാവുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അദ്ദേഹം സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ജനാധിപത്യവല്‍ക്കരണത്തിനുസഹായകമാകുമെന്നും ബി ജെ പിക്കെതിരായ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ക്കു കൂടുതല്‍ തെളിച്ചവും പ്രതീക്ഷയും നല്‍കുമെന്നും നമുക്ക് വിശ്വസിക്കാമോ?

അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് കൊണ്ട് മാത്രം കോണ്‍ഗ്രസിന് പ്രത്യേകിച്ച് ജീവന്‍ വയ്കുമെന്നോ, പഴയ സ്വാധീനം അതിന് തിരിച്ചുകിട്ടുമെന്നോ പറയാന്‍ പറ്റില്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് നല്ലൊരു സൂചനയാണ്. നിങ്ങള്‍ ഒരു രാഷ്ടീയപാര്‍ട്ടിയാണെങ്കില്‍ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നിങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയു. എങ്കില്‍ മാത്രമേ ജനങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കൂ. കാരണം അപ്പോള്‍ നിങ്ങളുടെ അണികള്‍ക്ക് തങ്ങള്‍ നിരന്തരമായി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നൊരു ആത്മവിശ്വാസം വരും. ഒരു രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കുകയാണ് എന്നൊരു ബോധ്യംവരും. കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെക്കുറിച്ച് ദേശീയ തലത്തില്‍ വലിയ പ്രചാരണമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്്. അപ്പോള്‍ അധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ ആ പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ തെരുവിലിറങ്ങി, ജനമധ്യത്തിലിറങ്ങി നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കും.

ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദേശീയ തലത്തില്‍ ബി ജെ പിയും കേരളത്തിലെ സി പി എമ്മും . ബി ജെ പിയെ നിങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ, വര്‍ഷം മുഴുവന്‍ എന്തെങ്കിലും പരിപാടികള്‍ അവര്‍ക്ക് ഉണ്ടായിരിക്കും, ഒന്നുകില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി തെയ്യാറാടുക്കും, അല്ലങ്കില്‍ സംഘടനാപരമായ പരിപാടികള്‍. കാരണം രാഷ്ട്രീയം എന്നാല്‍ ഒരു മുഴവന്‍ സമയപരിപാടിയാണ്, ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തനം അതാവശ്യപ്പെടുന്നു.യൂറോപ്പില്‍ കുറച്ചുനാള്‍ വെക്കേഷനുപോയി പിന്നെ തിരിച്ചുവന്നു നടത്തേണ്ട ഒരു സംഗതിയില്ല അത്. അത് ഒരു ഹോബിയല്ല. നിങ്ങള്‍ തെരുവിലിറങ്ങുക, ഓരോ ദിവസവും സമ്മേളനങ്ങളും പരിപാടികളും യാത്രകളും നടത്തുക . അങ്ങിനെ ഒരു യഥാര്‍ത്ഥ പ്രതിപക്ഷമാവുക, എങ്കില്‍ നിങ്ങള്‍ക്ക് ബി ജെ പിയോടല്ല ആരോടും മല്‍സരിക്കാം. അത് കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ളതിരഞ്ഞെടുപ്പ് നല്ലൊരു സൂചനയാണെന്ന്പറഞ്ഞത്.

ശശി തരൂരിനെപ്പോലൊരു നേതാവ് മുന്നോട്ടുവയ്കുന്നുവെന്ന് പറയപ്പെടുന്ന ബദല്‍ രാഷ്ട്രീയം സംഘപരിവാറിന്റെ കുത്തൊഴുക്കിനെ തടയാന്‍ പര്യാപ്തമാണോ? ഇന്ത്യയിലെ ഇടത്തരക്കാരന്റെ മനസിലെ വിഗ്രഹം ( an icon in the mind of Indian middle class ) എന്നതിന് അപ്പുറം ശശി തരൂരിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ?

ജീവിതത്തില്‍ വളരെയേറെ നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയാണ് ശശിതരൂര്‍. അന്നാല്‍ അദ്ദേഹം ജനപ്രിയനായിരിക്കുന്നത് ഇംഗ്‌ളീഷ് സംസാരിക്കുന്ന ലിബര്‍ എലൈറ്റിന്റെ അഥവാ ഉയര്‍ന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ ഇടയില്‍ മാത്രമാണ്. നരേന്ദ്രമോദിയെ പോലെയോ ഇന്ദിരാ ഗാന്ധി – രാജീവ്ഗാന്ധിമാരെപ്പോലെയൊ സാധാരണക്കാരുടെ ഇടയില്‍ ജനപ്രിയനായ നേതാവല്ല. അതിന്റെ ഒരു പാട് വെല്ലുവിളികള്‍ അദ്ദേഹം നേരിടുന്നുമുണ്ട്. അദ്ദേഹം പാര്‍ട്ടിയില്‍ എപ്പോഴും ഒരു ഔട്ട് സൈഡര്‍ അല്ലങ്കില്‍ പുറത്ത് നിന്ന് വന്നയാളാണ്. 2009 ല്‍ തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ പാരച്യുട്ടില്‍ വന്നിറങ്ങിയ ആളാണ്. കരുണാകരനെയോ ആന്റെണിയെയോ പോലെ ജീവിതം മുഴുവന്‍ രാഷ്ട്രീയം കൡച്ചയാളല്ല.
അപ്പോള്‍ ആ ‘ഔട്ട്്സൈഡര്‍ ടാഗ്’ എപ്പോഴും അദ്ദേഹത്തിനുണ്ട്. പിന്നെ ആ ‘ എലീറ്റ് ടാഗ് ‘ ഉം അദ്ദേഹത്തിനുണ്ട്. മാത്രമല്ല ഹിന്ദി ബെല്‍റ്റില്‍ അദ്ദേഹത്തിന് യാതൊരു സ്വാധീനവുമില്ല.

ഇതൊക്കെ പറയുമ്പോഴും നമ്മള്‍ ഒര കാര്യം മനസിലാക്കണം . പല രാജ്യങ്ങളുടെയും , കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയുമൊക്കെ തലയിലെഴുത്ത് മാറ്റി മറിച്ചിട്ടുള്ളത് ശശി തരൂരിനെപോലെ അധികം അറിയപ്പെടാത്ത എന്നാല്‍ നിശ്ചയര്‍ദാര്‍ഡ്യമുള്ള നേതാക്കളാണ്. അത് കൊണ്ട് അദ്ദേഹത്തെ എഴുതിള്ളേണ്ടകാര്യമില്ലന്നാണ് എന്റെ അഭിപ്രായം. ട്വിറ്ററിന് പുറത്ത് തെരുവുകളിലേക്ക് അദ്ദേഹം ഇറങ്ങിയാല്‍ അദ്ദേഹത്തിന് സാധ്യതകള്‍ ഉണ്ടായിരിക്കും. ഒരു കാര്യം പറയേണ്ടതുണ്ട്. ഉത്തരവാദിത്വം കൊടുക്കുന്നത് വരെ നമുക്ക് ഒരാളെയും എഴുതിത്തള്ളാന്‍ പറ്റില്ല.

2024 ലെ തിരഞ്ഞെടുപ്പ് മോദിക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെപ്പോലെ തന്നെ ഈസി വാക്കോവര്‍ നല്‍കുമോ?

2024 മോദിക്ക് ഈസിവാക്കോവര്‍ ആണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടുവര്‍ഷം നമ്മുടെ കയ്യിലുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാകട്ടെ പരിതാപകരമായി താഴോട്ട് പോവുകയാണ്. ബി ജെ പിയുടെയും മോദിയുടെയും തട്ടകമായ ഹിന്ദി ഹൃദയഭൂമിയില്‍, ഉത്തര്‍പ്രദേശിലും, ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ഭയങ്കരമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമുണ്ട്്. അത് കൊണ്ട് 2024 ലെ തിരഞ്ഞെടുപ്പ് മോദിക്ക് പൂര്‍ണ്ണമായും തീറെഴുതിക്കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.

എന്നാല്‍ കോണ്‍ഗ്രസുള്‍പ്പെടയെുള്ള പ്രതിപക്ഷം എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും 2024 തിരഞ്ഞെടുപ്പ് ഫലം. ജനകീയ പ്രശ്‌നങ്ങള്‍ , തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി അവര്‍ ഓരോ ദിവസവും പ്രതിപക്ഷം തെരുവിലേക്കിറങ്ങുകയാണെങ്കില്‍ മോദിയല്ല മോദിയേക്കാള്‍ നൂറിരിട്ടി പോപ്പുലറായി ഒരു നേതാവിനെ താഴെയിറക്കാന്‍ കഴിയുന്ന തരത്തിലുള്ള ജനരോഷം ഇന്ത്യയിലുണ്ട്.
ഇന്ത്യയില്‍ എത്ര കണ്ട് ശക്തമായി വര്‍ഗീയ ചേരിതിരിവ് ബി ജെ പി ഉണ്ടാക്കിയിട്ടുണ്ടോ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മൂലം രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ അതിനെക്കാള്‍ ശക്തമാണ. മോദിയുടെ സപ്പോര്‍ട്ട് ബേസ് അനുദിനം ചുരുങ്ങിവരിയാണ്. 2024 ല്‍ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മാത്രമേ മോദി വീണ്ടും അധികാരത്തിലേറാന്‍ സാധ്യതയുള്ളു.

രാഹുല്‍ ഗാന്ധി എന്ന നേതാവിന് സംയുക്ത പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ കഴിയുമോ?

നെഹ്‌റു ഗാന്ധി കുടുംബത്തിലെ ഒരംഗത്തിന് കോണ്‍ഗ്രസിലെ ഒരു നേതാവാകാനുള്ള യാതൊരു വിധ അധികാരവുമില്ലന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മെറിറ്റോറിയല്‍ ഡെമോക്രസി അല്ലങ്കില്‍ യോഗ്യതയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹം നിലനില്‍ക്കുമ്പോള്‍ അത് അംഗകീരിച്ചുകൊടുക്കാന്‍ കഴയില്ല. എന്നാല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നത് കോണ്‍ഗ്രസിനെ ഒട്ടിച്ചുനിര്‍ത്തുന്ന പശയാണ് നെഹ്‌റു ഗാന്ധി കുടുംബം എന്നത്. ഈ വാദത്തിന്റെ സമയം ഇതല്ലന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ മറ്റൊന്നുണ്ട്.

എന്നാല്‍ രാഹുല്‍ ഗാന്ധിയിലെ ഗാന്ധി എന്ന പേര്് വെട്ടിയാല്‍ രാഹുല്‍ എന്ന് പറയുന്ന മനുഷ്യനുണ്ടല്ലോ, അയാളില്‍ ചില നല്ല ഗുണങ്ങള്‍ ഉണ്ട്. ഒരു പാട് ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നയാളാണ് അദ്ദേഹം. തന്റെ അമ്മൂമ്മയും അഛനുമൊക്കെ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നിന്നുയിര്‍ക്കൊണ്ട ഒരു തത്വചിന്താപരമായ കാഴ്ചപ്പാടാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ സത്യസന്ധനായ ഒരു മനുഷ്യനാണ് അദ്ദേഹം. നരേന്ദ്രമോദിയെപ്പോലെ ഒരു പക്കാ രാഷ്ട്രീയക്കാരന്റെ കാപട്യമൊന്നും അദ്ദേഹത്തിലില്ല.അത് കൊണ്ടു തന്നെ ഇന്ത്യ മുഴുവന്‍ നടന്ന് ജനങ്ങളുമായി സംവദിച്ച് ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റ് വളര്‍ത്തിയെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് പ്രതിപക്ഷ നേതൃനിരയിലേക്ക് കടന്നുവരാന്‍ കഴിയും. എന്നാല്‍ അത് അദ്ദേഹം മാത്രം തിരുമാനിക്കേണ്ട കാര്യമാണത്.

താരതമ്യേന ദുര്‍ബലമാണെങ്കിലും രാജ്യം മുഴുവന്‍ വേരുകളുള്ള ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവണദ്ദേഹം. എന്നാല്‍ പ്രതിപക്ഷത്തിന്റെ നേതാവാവുക അദ്ദേഹത്തിന് മാത്രം തിരുമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. യൂറോപ്പില്‍ ഇടക്കിടെ വെക്കേഷന് പോയി തിരിച്ചുവന്ന് ചെയ്യാന്‍ പറ്റിയ സാധനമല്ല ഇവിടെ രാഷ്ട്രീയം. കാരണം ഇന്ത്യയില്‍ അത് 24 മണിക്കൂറും ആവശ്യപ്പെടുന്ന ജോലിയാണ്. മാത്രമല്ല മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം അത്ര വിജയിക്കുന്നില്ലന്ന പരാതിയുമുണ്ട്.

രാഹുലിന്റെ ഭാരത് ജോഡോയാത്ര പ്രതീക്ഷ നല്‍കുന്നുണ്ടോ?

ഭാരത് ജോഡോ യാത്ര നമുക്ക് കാണിച്ചു തരുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ ഇന്ത്യയുടെ തെരുവുകളിലിറങ്ങി ജനങ്ങളോട് സംസാരിച്ചാല്‍ അവര്‍ നിങ്ങളെ കേള്‍ക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ നിങ്ങളെ അവഗണിച്ചാലും ജനങ്ങള്‍ നിങ്ങള്‍ക്ക് ചെവിതരും . കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഈയാത്ര അഞ്ച് വര്‍ഷം മുമ്പേ തുടങ്ങേണ്ടതായിരുന്നു. ഇതുപോലെ എല്ലാ ദിവസവും ഇന്ത്യയുടെ തെരുവുകളില്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് സംവദിക്കുകയാണെങ്കില്‍, വര്‍ഗീയതയെയും തൊഴിലില്ലായ്മയെയെും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നരേന്ദ്രമോദി എത്ര വലിയ നേതാവാണെന്ന് പറഞ്ഞാലും , മാധ്യമങ്ങളെ എത്രക്ക് വരുതിയില്‍ നിര്‍ത്തിയാലും മോദിക്ക് രാഹുല്‍ വലിയൊരു വെല്ലുവിളി തന്നെയായിരിക്കും.

വര്‍ഗീയതയും, കടുത്ത ദേശീയവാദവും മാത്രമാണോ ബി ജെ പിയുടെ വിജയരഹസ്യം?

നരേന്ദ്രമോദി കൈകാര്യം ചെയ്യുന്ന മുസ്‌ളീം വിരുദ്ധ രാഷ്ട്രീയം അല്ലങ്കില്‍ എല്ലാ വാല്‍വുകളും അടച്ചുവച്ച് കൊണ്ട് ശ്വാസം മുട്ടിക്കുന്ന ഏകാധിപത്യ രാഷ്ട്രീയം എല്ലാ കാലത്തും ഇന്ത്യയില്‍ നിലനില്‍ക്കില്ല. ഈ രാജ്യത്തെ മുസ്‌ളീംങ്ങളെയും മറ്റു ന്യുനപക്ഷങ്ങളെയും അരുകവല്‍ക്കരിച്ച് ഒരു മെജോറിറ്റേറിയന്‍ സ്‌റ്റേറ്റ് ഉണ്ടാക്കാന്‍ ഇത് അഫ്ഗാനിസ്ഥാനോ ഇറാനോ അല്ല. ലോകത്തില്‍ ഏറ്റവും വൈവിധ്യമുള്ള മതമായ ഹിന്ദുമതം ഭൂരിപക്ഷമതമായിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അത്രക്ക് വൈവിധ്യമുള്ള മതത്തിന്റ പേരില്‍ ഒരു മാതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാന്‍ പറ്റില്ലന്ന് തന്നെയാണ് നമ്മളെ ചരിത്രം പഠിപ്പിക്കുന്നത്്.

പിന്നെ നമ്മള്‍ മനസിലാക്കേണ്ട കാര്യമുണ്ട്. നരേന്ദ്രമോദി 24 മണിക്കൂറും രാഷ്ട്രീയക്കാരനാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം രാഷ്ട്രീയം ചവച്ച് തിന്നുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. നല്ലൊരു ഭരണാധികാരിപോലുമല്ല അദ്ദഹം. എന്നാല്‍ നല്ലൊരു രാഷ്ട്രീയക്കാരന്‍ ആണെന്നതിന് സംശയമേതുമില്ല. ഒരാഴ്ചയില്‍ കുറഞ്ഞത് ഇരുപത് പൊതുപരിപാടികളിലെങ്കിലും അദ്ദേഹം സംസാരിക്കും. അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന് മുന്‍പിലുള്ള ഏക ലക്ഷ്യം. അതുല്യനായ രാഷ്ട്രീയക്കാരനാണ് മോദി. അത് സമ്മതിച്ചു കൊടുത്തേ പറ്റു. വര്‍ഗീയതയെ അദ്ദേഹം ഒരു ടൂള്‍ ആയി ഉപയോഗിക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ അക്യുമെന്‍ തന്നെയാണ് ബി ജെ പിക്ക് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സമ്മാനിക്കുന്നത്. വര്‍ഗീയതയെ പല മാനങ്ങളില്‍ കോണ്‍ഗ്രസുകാരും കമ്യുണിസ്റ്റുകളുമൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്നത് നമ്മള്‍ മറക്കരുത്.

കോണ്‍ഗ്രസില്ലാതെ ബി ജെ പിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യനിര സാധ്യമാണോ?

കോണ്‍ഗ്രസ് അകത്തും പുറത്തും സജീവമായിക്കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ് തന്നെയായിരിക്കും ഇന്ത്യയിലെ പ്രതിപക്ഷം. ഇപ്പോള്‍ കഴിഞ്ഞ രണ്ടുമാസമായി സംഘടനാ തിരഞ്ഞെടുപ്പായും ഭാരത് ജോഡോയാത്രയായുമൊക്കെ കോണ്‍ഗ്രസ് വളരെ സജീവമാണ്. ഇത് മുന്നോട്ടുകൊണ്ട് പോയാല്‍ കോണ്‍ഗ്രസായിരിക്കും ഇന്ത്യന്‍ പ്രതിപക്ഷത്തെ നയിക്കുക. എന്നാല്‍ ഇത് കഴിഞ്ഞ് മാറിക്കിടന്നുറങ്ങാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസ് ജീര്‍ണ്ണിക്കുകയും കോണ്‍ഗ്രസില്ലാത്ത ഒരു ദേശീയ പ്രതിപക്ഷ നിര ഉണ്ടാവുകയുംചെയ്‌തേക്കാം. കോണ്‍ഗ്രസിന് മുന്നില്‍ രണ്ടുവഴികാളാണുള്ളത്. ഒന്ന് ഇത്രയും നാള്‍ അനുഭവിച്ച അധികാരത്തിന്റെ ഹാംഗ് ഓവറില്‍ അവര്‍ക്ക് നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങാം, പിന്നെ ഉറങ്ങിഎഴുന്നേല്‍ക്കുമ്പോള്‍ ഇന്ത്യ ഇതുപോലെ കാണണം എന്നില്ല. രണ്ട്, ആം ആദ്മി പാര്‍ട്ടിയെ പോലെ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി തെരുവില്‍ ഇറങ്ങുക, എങ്കില്‍ അവര്‍ക്ക് പുതിയ രാഷ്ട്രീയം മുന്നോട്ട് വയ്കാം.

ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ മുന്നോട്ട് വയ്കുന്ന ബദല്‍ രാഷ്ട്രീയം ബി ജെ പിയെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമാണോ ?

ആം ആദ്മി ബി ജെ പിയുടെ ബി ടീമായാണ് കളിക്കുന്നത് . അങ്ങിനെ കളിച്ചിട്ടുപോലും ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയവും നരേന്ദ്രമോദിയുടെ രാഷ്ട്രീയവും രണ്ടും പ്രേംനസീര്‍ സിനിമകള്‍ പോലെയാണ്. അവിടെ നിങ്ങള്‍ ഒരു മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ കൊണ്ട് ചെന്നിറക്കിയാല്‍ കളി മാറും.

നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമില്ലാതെ കോണ്‍ഗ്രസിന് അതിജീവിക്കാന്‍ കഴിയുമോ?

നെഹ്‌റുകുടുംബത്തിന് മാത്രമേ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയൂ എന്ന വാദത്തെ മെരിറ്റോറിയല്‍ ഡെമോക്രസിയില്‍ വിശ്വസിക്കുന്ന എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്ന് പറഞ്ഞല്ലോ . പക്ഷെ ഗാന്ധി നെഹ്‌റും കുടുംബം എന്നത് ഇന്ത്യയിലെ ഒരു ബ്രാന്‍ഡ് നെയിം ആണ്. ഇന്ത്യ മുഴുവന്‍ അംഗീകരിക്കപ്പെട്ട ബ്രാന്‍ഡ്്. മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളും അണികളും അവരോട് പൂര്‍ണ്ണമായും വിശ്വാസ്യത പുലര്‍ത്തുന്നുമുണ്ട്. അപ്പോള്‍ നെഹ്രു കുടുംബത്തിന് മാത്രമേ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയുകയുള്ളുവെന്ന വാദത്തിന് ഒരു പോസിറ്റീവ് വശമുണ്ട്.

ഇന്ത്യയിലെ കമ്യുണിസ്റ്റുപാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും വരും കാലങ്ങളിലുള്ള രാഷ്ട്രീയ സാമൂഹിക പ്രസക്തി എന്താണ്?

ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇടതു രാഷ്ട്രീയത്തിന് നല്ല വളക്കൂറുളള മണ്ണാണിത്. എന്നാല്‍ അവരും തെരുവില്‍ ഇറങ്ങണം. എ കെ ജി സെന്ററിന് മുന്നിലെ തെരുവല്ല, മറിച്ച് ദളിതുകളുടെയും ആദിവാസികളുടെയും തെരുവുകളുടെ കാര്യമാണ്. അവര്‍ അങ്ങോട്ട് ചെല്ലണം. അവരെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുകയും വേണം. ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണിയുമായും കഷ്ടപ്പാടുകളുമായും അവശതകളുമായും എളുപ്പത്തില്‍ കമ്യുണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നത് ഒന്നുകില്‍ ഒരു ഗാന്ധിക്കാണ് അല്ലങ്കില്‍ ഒരു കമ്യുണിസ്റ്റിനാണ്.