ഹിമാലയത്തിന്റെ നെഞ്ചിൽ ചൈനയുടെ മെഗാ ഡാം: ഒരു എഞ്ചിനീയറിങ് അത്ഭുതമോ, ഭൂവിജ്ഞാനത്തെ വെല്ലുവിളിക്കുന്ന അപകടകരമായ പരീക്ഷണമോ?
ചരിത്രത്തിൽ മനുഷ്യസഭ്യതകൾ നദീതടങ്ങളിലാണ് ജനിച്ചത്. നൈൽ ഈജിപ്തിനെ സൃഷ്ടിച്ചു, ടൈഗ്രിസും യൂഫ്രട്ടീസും മെസപ്പൊട്ടേമിയയെ രൂപപ്പെടുത്തി, സിന്ധു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ നഗരവൽക്കരണത്തിന് അടിത്തറയിട്ടു. നദികൾ വെറും ജലസ്രോതസ്സുകളല്ല; അവ ഭൂമിശാസ്ത്രത്തെയും സമ്പദ്‌വ്യവസ്ഥയെയും കൃഷിയെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും നിർണ്ണയിക്കുന്ന ജീവിക്കുന്ന പരിസ്ഥിതി സംവിധാനങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു വലിയ നദിയുടെ സ്വാഭാവിക ഒഴുക്കിൽ മനുഷ്യൻ നടത്തുന്ന ഓരോ ഇടപെടലും പ്രകൃതിയുടെ സമതുലിതാവസ്ഥയിൽ ഇടപെടലാണ്. ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതി ഈ യാഥാർഥ്യത്തെ അതിവിശദമായി നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രാഷ്ട്രീയത്തിലോ ജലവിഹിത തർക്കങ്ങളിലോ ഒതുങ്ങിപ്പോകുന്നു. എന്നാൽ യഥാർത്ഥ ചോദ്യം അതിനേക്കാൾ വലുതാണ്. ഭൂമിയിലെ ഏറ്റവും അസ്ഥിരമായ ടെക്റ്റോണിക് മേഖലകളിലൊന്നിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ അതിവേഗം പ്രകടമാകുന്ന ഹിമാലയൻ മേഖലയിലാണ് മനുഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്ന് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെ ആഭ്യന്തര വികസന പദ്ധതിയായി മാത്രം വിലയിരുത്താൻ കഴിയാത്തതിന്റെ കാരണം അതാണ്.
ഭൂവിജ്ഞാനത്തിന്റെ അടിസ്ഥാന സത്യം ലളിതമാണ്. ഹിമാലയം പൂർത്തിയായ ഒരു പർവതനിരയല്ല; ഇപ്പോഴും രൂപപ്പെടുന്ന പർവതനിരയാണ്. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് വർഷത്തിൽ ഏകദേശം നാല് മുതൽ അഞ്ച് സെന്റിമീറ്റർ വരെ വേഗത്തിൽ യൂറേഷ്യൻ പ്ലേറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ തോതിൽ അത് നിസ്സാരമായി തോന്നാം. പക്ഷേ ഭൂമിയുടെ ഭൗമശാസ്ത്രചരിത്രത്തിൽ അത് അതിശക്തമായ ഊർജ്ജസഞ്ചയത്തിന്റെ നിരന്തര പ്രക്രിയയാണ്. ഈ ഊർജ്ജം നൂറ്റാണ്ടുകളോളം ശിലാപാളികളിൽ അടിഞ്ഞുകൂടുകയും പിന്നീട് ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഭൂകമ്പമായി പുറത്തുവരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹിമാലയൻ ആർക്കിനെ ലോകത്തിലെ ഏറ്റവും അപകടസാധ്യതയുള്ള ഭൂകമ്പ മേഖലകളിൽ ഒന്നായി ശാസ്ത്രലോകം കണക്കാക്കുന്നു.
ഇത് സൈദ്ധാന്തിക ഭീഷണിയല്ല. 1897-ലെ ഷില്ലോങ് ഭൂകമ്പം, 1905-ലെ കാംഗ്ര ഭൂകമ്പം, 1934-ലെ നേപ്പാൾ-ബിഹാർ ഭൂകമ്പം, 1950-ലെ അസം-ടിബറ്റ് ഭൂകമ്പം, 2005-ലെ കശ്മീർ ഭൂകമ്പം, 2015-ലെ നേപ്പാൾ ഭൂകമ്പം—ഹിമാലയത്തിന്റെ ചരിത്രം ഇടവിട്ടുള്ള മഹാദുരന്തങ്ങളുടെ ചരിത്രമാണ്. പ്രത്യേകിച്ച് 1950-ലെ 8.6 തീവ്രത രേഖപ്പെടുത്തിയ അസം-ടിബറ്റ് ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തെ തന്നെ മാറ്റിമറിച്ചു. ആയിരക്കണക്കിന് മണ്ണിടിച്ചിലുകൾ, നദികളുടെ ഗതി മാറൽ, സ്വാഭാവിക അണക്കെട്ടുകളുടെ രൂപീകരണം, ദിവസങ്ങൾക്കു ശേഷമുണ്ടായ പ്രളയങ്ങൾ—ഇവയെല്ലാം ഒരു ഭൂകമ്പം എത്ര വിപുലമായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് തെളിയിച്ചു.
ഇപ്പോൾ അതേ മേഖലയിലാണ് ചൈന ഒരു മെഗാ ഡാം നിർമ്മിക്കുന്നത്.
ഇവിടെയാണ് ഏറ്റവും നിർണായകമായ ശാസ്ത്രീയ ചോദ്യം ഉയരുന്നത്. ഒരു ഡാമിനെ വിലയിരുത്തുമ്പോൾ അതിന്റെ കോൺക്രീറ്റിന്റെ ശക്തി മാത്രം നോക്കിയാൽ മതിയോ? അതോ അത് നിലകൊള്ളുന്ന ഭൂമിയുടെ സ്വഭാവവും പരിശോധിക്കേണ്ടതുണ്ടോ? ആധുനിക ഭൂവിജ്ഞാനം പറയുന്നത് രണ്ടാമത്തേതാണ്. ഏറ്റവും ശക്തമായ കോൺക്രീറ്റിനും ഭൂമിയുടെ അടിത്തട്ടിലുള്ള ഫാൾട്ട് രേഖകളെ നിയന്ത്രിക്കാൻ കഴിയില്ല.
സമീപകാലത്ത് ചൈനയിലെ തന്നെ ഭൂവിജ്ഞാന ഗവേഷകർ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഡാം നിർമിക്കുന്ന പ്രദേശം സജീവമായ ഫാൾട്ട് സോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ശക്തമായ സീസ്മിക് പ്രവർത്തനങ്ങൾ ഭാവിയിലും പ്രതീക്ഷിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരു ശാസ്ത്രീയ പഠനം മാത്രം അന്തിമ വിധിയല്ല. എന്നാൽ അപകടസാധ്യതയുടെ വിലയിരുത്തലിൽ ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെ അവഗണിക്കുന്നത് ശാസ്ത്രീയ ഉത്തരവാദിത്വമല്ല.
ഇവിടെ മറ്റൊരു നിർണായക ആശയം കടന്നുവരുന്നു—Reservoir-Induced Seismicity. വലിയ ജലാശയങ്ങൾ ചില സാഹചര്യങ്ങളിൽ ഭൂകമ്പ പ്രവർത്തനങ്ങളെ സ്വാധീനിക്കാമെന്ന ആശയം കഴിഞ്ഞ ആറു പതിറ്റാണ്ടായി ഭൂവിജ്ഞാന പഠനങ്ങളുടെ ഭാഗമാണ്. കോടിക്കണക്കിന് ടൺ വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ഉപരിതലത്തിൽ പുതിയ സമ്മർദ്ദം സൃഷ്ടിക്കുന്നു. അതിലും പ്രധാനമായി, വെള്ളം ആഴത്തിലുള്ള പാറകളിലെ വിള്ളലുകളിലേക്ക് പ്രവേശിക്കുമ്പോൾ ഫാൾട്ട് രേഖകളിലെ ദ്രവമർദ്ദം വർധിക്കുകയും മുമ്പേ അസ്ഥിരമായിരുന്ന ശിലാപാളികളുടെ സന്തുലനം മാറുകയും ചെയ്യാം. ഇത് ഭൂകമ്പം സൃഷ്ടിക്കുമെന്നല്ല, പക്ഷേ ഭൂകമ്പസാധ്യതയെ സ്വാധീനിക്കാൻ കഴിയുന്ന ഘടകമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
1967-ലെ കോയ്ന ഭൂകമ്പം മുതൽ ചൈനയിലെ സിപിംഗ്‌പു അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങൾ വരെ ഈ വിഷയത്തിൽ വിപുലമായ ശാസ്ത്രീയ സാഹിത്യമുണ്ട്. എല്ലാ ശാസ്ത്രജ്ഞരും ഒരേ അഭിപ്രായത്തിലല്ലെങ്കിലും, സജീവമായ ഭൂകമ്പമേഖലകളിൽ വലിയ ജലാശയങ്ങൾ നിർമ്മിക്കുമ്പോൾ അതീവ സൂക്ഷ്മമായ സീസ്മിക് പഠനങ്ങളും ദീർഘകാല നിരീക്ഷണവും അനിവാര്യമാണെന്ന കാര്യത്തിൽ വലിയ അഭിപ്രായവ്യത്യാസമില്ല.
എന്നാൽ ഹിമാലയം ഭൂകമ്പത്തിന്റെ മാത്രം കഥയല്ല. അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ മുൻനിരയിലുള്ള പ്രദേശം കൂടിയാണ്. ഐസിമോഡ് (ICIMOD) ഉൾപ്പെടെയുള്ള ഗവേഷണങ്ങൾ ഹിമാലയൻ ഹിമാനികൾ ലോകശരാശരിയേക്കാൾ വേഗത്തിൽ ഉരുകുകയാണെന്ന് മുന്നറിയിപ്പ് നൽകുന്നു. അതിന്റെ ഫലമായി ഹിമാനി തടാകങ്ങൾ വലുതാകുകയും, അവ പൊട്ടിത്തെറിച്ച് രൂപപ്പെടുന്ന Glacial Lake Outburst Floods (GLOFs) കൂടുതൽ സാധാരണമാകുകയും ചെയ്യുന്നു. 2023-ലെ സിക്കിം ദുരന്തം അതിന്റെ ഏറ്റവും പുതിയ ഓർമ്മപ്പെടുത്തലായിരുന്നു. ഇത്തരത്തിലുള്ള അതിവേഗ പ്രളയങ്ങൾ മെഗാ ഡാമുകളുടെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സുരക്ഷാ കണക്കുകൂട്ടലുകളെ പോലും വെല്ലുവിളിക്കാൻ ശേഷിയുള്ളവയാണ്.
ബ്രഹ്മപുത്രയുടെ മറ്റൊരു പ്രത്യേകത അതിന്റെ sediment dynamics ആണ്. ലോകത്തിലെ ഏറ്റവും കൂടുതൽ അവശിഷ്ടങ്ങൾ വഹിക്കുന്ന നദികളിൽ ഒന്നാണ് ഇത്. ഹിമാലയത്തിലെ മണ്ണിടിച്ചിലുകളും മഴയും ചേർന്ന് ഓരോ വർഷവും കോടിക്കണക്കിന് ടൺ പാറയും മണ്ണും നദിയിലൂടെ ഒഴുകുന്നു. ഇവ അണക്കെട്ടിൽ അടിഞ്ഞുകൂടുമ്പോൾ സംഭരണശേഷി കുറയുകയും ജലനിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവരികയും ചെയ്യും. നിരവധി വലിയ അണക്കെട്ടുകളുടെ ആയുസ്സ് നിർണ്ണയിക്കുന്നത് കോൺക്രീറ്റിന്റെ ഗുണമേന്മയല്ല, sedimentation-ന്റെ വേഗമാണ് എന്നത് ജലവിഭവ എഞ്ചിനീയറിംഗിലെ സുപരിചിതമായ യാഥാർഥ്യമാണ്.
ഇവിടെയാണ് ഈ പദ്ധതിയുടെ രാഷ്ട്രീയ വശവും ശാസ്ത്രീയ വശവും ഒന്നിച്ചുചേരുന്നത്. ബ്രഹ്മപുത്ര ഒരു അന്തർദേശീയ നദിയാണ്. ടിബറ്റിൽ പെയ്യുന്ന മഴ അസമിലെ കർഷകന്റെ വയലിനെയും ബംഗ്ലാദേശിലെ മത്സ്യത്തൊഴിലാളിയുടെ ജീവിതത്തെയും സ്വാധീനിക്കുന്നു. അതിനാൽ മുകളിലെ ഒഴുക്കിൽ നിർമ്മിക്കുന്ന ഒരു മെഗാ ഇൻഫ്രാസ്ട്രക്ചറിന്റെ അപകടസാധ്യത ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. ദുരന്തമുണ്ടായാൽ വെള്ളം പാസ്‌പോർട്ട് ചോദിക്കില്ല. ഭൂകമ്പ തരംഗങ്ങൾ അതിർത്തിയിൽ നിർത്തുകയുമില്ല.
ഇന്ന് ലോകം കൂടുതൽ സംസാരിക്കുന്നത് systemic risk എന്ന ആശയത്തെക്കുറിച്ചാണ്. ഒരു സംവിധാനത്തിലെ ചെറിയ തകരാർ മറ്റനേകം സംവിധാനങ്ങളെ ബാധിക്കുന്ന അവസ്ഥ. ബ്രഹ്മപുത്രയിലെ മെഗാ ഡാം അതിന്റെ ഉദാഹരണമാണ്. ഭൂകമ്പം, മണ്ണിടിച്ചിൽ, കാലാവസ്ഥാ വ്യതിയാനം, ജലരാഷ്ട്രീയം, ഭക്ഷ്യസുരക്ഷ, കുടിവെള്ളലഭ്യത, ജൈവവൈവിധ്യം, ഊർജോൽപ്പാദനം ഇവയെല്ലാം ഒരേ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. അതിനാൽ ഈ പദ്ധതിയുടെ സുരക്ഷ വിലയിരുത്തേണ്ടത് എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ കൊണ്ട് മാത്രം മതിയാകില്ല; ഭൂവിജ്ഞാനം, പരിസ്ഥിതിശാസ്ത്രം, ഹൈഡ്രോളജി, കാലാവസ്ഥാശാസ്ത്രം, ദുരന്തനിവാരണം, അന്തർദേശീയ നിയമം എന്നിവയെ സംയോജിപ്പിച്ചുള്ള വിലയിരുത്തലാണ് വേണ്ടത്.
വികസനത്തെ എതിർക്കുക എന്നതല്ല ഇവിടെ ഉയരുന്ന ചോദ്യം. മനുഷ്യരാശിക്ക് ഊർജം ആവശ്യമാണ്. നവീകരിക്കാവുന്ന ഊർജസ്രോതസ്സുകളും ആവശ്യമാണ്. എന്നാൽ വികസനത്തിന്റെ പേരിൽ പ്രകൃതിയുടെ അടിസ്ഥാന ഭൗതിക നിയമങ്ങളെ അവഗണിക്കാമെന്ന് കരുതുന്നത് അപകടകരമായ അഹങ്കാരമാണ്. പ്രകൃതി മനുഷ്യന്റെ രാഷ്ട്രീയ തീരുമാനങ്ങളോട് ചർച്ച നടത്തില്ല. അത് പ്രവർത്തിക്കുന്നത് സ്വന്തം നിയമങ്ങൾക്കനുസരിച്ചാണ്.
ഹിമാലയത്തിന്റെ ചരിത്രം ഒരു പാഠം പഠിപ്പിക്കുന്നു. ഈ പർവതനിര മനുഷ്യന്റെ എഞ്ചിനീയറിംഗ് കഴിവിനെക്കാൾ ശക്തമായ ഭൂവിജ്ഞാന പ്രക്രിയകളുടെ ഫലമാണ്. അതിന്റെ നെഞ്ചിൽ നിർമ്മിക്കുന്ന ഓരോ മെഗാ പദ്ധതിയും കോൺക്രീറ്റിന്റെ ശക്തിയേക്കാൾ ഭൂമിയുടെ ചലനങ്ങളുമായി നടത്തുന്ന ഒരു സംഭാഷണമാണ്. ആ സംഭാഷണത്തിൽ ശാസ്ത്രത്തിന്റെ ശബ്ദം നിശ്ശബ്ദമാകുന്ന നിമിഷം മുതൽ വികസനം പുരോഗതിയുടെ പ്രതീകമല്ല, ഭാവിയിലെ ദുരന്തത്തിന്റെ മുന്നോടിയായി മാറിത്തുടങ്ങും.
ഒരു പാട്ടിൽ തുടങ്ങുന്ന വലിയ രാഷ്ട്രീയ ചോദ്യം
മുദ്രാവാക്യങ്ങൾ മതി, ഇനി കണക്കുപറയൂ മോദിജി