എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂലൈ ആദ്യവാരം പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ ആദ്യ വാരം പ്രഖ്യാപിക്കും. പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. എസ്എസ്എല്‍സി രണ്ടാംഘട്ട മൂല്യ നിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവാണ്.

ഈ മാസം അവസാനത്തോടെ എസ്എസ്എല്‍സി മൂല്യ നിര്‍ണയം അവസാനിക്കാനാണ് സാദ്ധ്യത. ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. ഇതിന് ഒരാഴ്ച സമയം വേണം. ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ ഫലം പുറത്തു വിടാന്‍ സാധിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ കരുതുന്നത്.

കോവിഡ് ലോക്ഡൗണിനിടെ മാറ്റി വെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടന്നത്. ജൂലൈയില്‍ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള അധ്യയനം ആരംഭിക്കാനാണ് സാദ്ധ്യത. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.