എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26-ന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അനുമതി ലഭിച്ചതിനാലാണ് പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ തന്നെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത സൗകര്യമൊരുക്കുമൊന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. അതേസമയം, പരീക്ഷകള്‍ ജൂണിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം രാവിലെ തീരുമാനമെടുത്തിരുന്നു.

ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തില്‍ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിരുന്നത്.