നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ഉടനില്ല; പുതുക്കിയ തിയതികള്‍ ഇങ്ങനെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ വീണ്ടും നീട്ടി. ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷകള്‍ സെപ്റ്റംബറിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചതായി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജെഇഇ മെയിന്‍ ബിരുദതല എന്‍ജിനീയറിംഗ്  കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും നടക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍13-ന് നടക്കും. രണ്ടാം തവണയാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നത്. ജൂലൈ, ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരീക്ഷ നേരത്തെ നിശ്ചയച്ചിരുന്നത്.

ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഏകദേശം 16 ലക്ഷം പേര്‍ നീറ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന, ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും മന്ത്രിയ്ക്ക് ലഭിച്ച ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷ നടത്തുന്ന കാര്യത്തില്‍ പുനര്‍ചിന്തനം വേണ്ടി വന്നത്.