സി.ബി.എസ്.ഇ പരീക്ഷകള്‍ ജൂലൈയില്‍; തിയതികള്‍ പ്രഖ്യാപിച്ചു

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ നടക്കും. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക. 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തിയതികളാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അറിയിച്ചിരിക്കുന്നത്.

29 പേപ്പറുകളിലെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്. ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ( ഇലക്ടീവ്) ഹോം സയന്‍സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് (ഓള്‍ഡ്) കംപ്യൂട്ടര്‍ സയന്‍സ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ഓള്‍ഡ്), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

അതേസമയം, 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി. മെയ് 31 വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പരീക്ഷകള്‍ മാറ്റിയത്. ഇതിനിടെ എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള പ്രവേശനം ആരംഭിച്ചു. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശനം. കുട്ടികളെ കൊണ്ടു വരേണ്ടെന്ന നിര്‍ദേശമനുസരിച്ചാണിത്.