സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.46

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 91.46 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 91.10 ശതമാനം ആയിരുന്നു 2019-ലെ വിജയ ശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം.

93.31 ശതമാനം പെണ്‍കുട്ടികളും 90.14 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. 41804 പേർക്ക് (2.23%) 95% മുകളിൽ മാർക്ക് ലഭിച്ചു. 184358 പേർക്ക് 90% മുകളിൽ മാർക്കുണ്ട്. എല്ലാ വിഷയങ്ങളിലും വിജയിക്കാൻ കഴിയാതെ പോയത്– 150198 പേർ (8.02%.കോവിഡ് കാലത്ത് വെല്ലുവിളികൾ നേരിട്ടാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തിയത്. എല്ലാ വിദ്യാർത്ഥികൾക്കും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

18 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഈ വര്‍ഷത്തെ ഫലം തയ്യാറാക്കിയത്.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി പരിഗണിക്കും.