വണ്ടര്‍ലാ ഹോളിഡേയ്‌സിന് 14 .75 കോടി അറ്റ നഷ്ടം

അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സിനു നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 14.75 കോടി രൂപയുടെ അറ്റ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21.02 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ ഒന്‍പതു മാസത്തെ നഷ്ടം 45.06 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധിയാണ് ഈ നഷ്ടത്തിന് കാരണം.

കോവിഡ് മൂലം 2020 മാര്‍ച്ചില്‍ പാര്‍ക്കുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 8 മാസത്തെ വരുമാനം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും നവംബര്‍ 13 മുതല്‍ ബാംഗ്ലൂര്‍ പാര്‍ക്കും റിസോര്‍ട്ടും ഡിസംബര്‍ 24 മുതല്‍ കൊച്ചി പാര്‍ക്കും വീണ്ടും തുറക്കാന്‍ സാധിച്ചതാണ് മൂന്നാം പാദത്തിലെ നേട്ടമെന്നും വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടര്‍ ശ്രീ അരുണ്‍ കെ ചിറ്റിലപ്പിള്ളി അറിയിച്ചു.

ഈ കാലയളവില്‍ പാര്‍ക്കുകള്‍ ആഴ്ചയില്‍ 3 ദിവസം മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. സന്ദര്‍ശകര്‍ ഞങ്ങളോട് കാണിച്ച വിശ്വാസവും പിന്തുണയും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും ഘട്ടം ഘട്ടമായി പാര്‍ക്കുകളുടെ പ്രവര്‍ത്തന ദിവസങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇപ്പോള്‍ കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് പാര്‍ക്കുകളും ബാംഗ്ലൂര്‍ റിസോര്‍ട്ടും ആഴ്ചയില്‍ ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.