വഴിയില്‍ ട്രാഫിക് പൊലീസ് കൈകാണിച്ചാല്‍! നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അവകാശങ്ങള്‍ ഇവയൊക്കെ

ട്രാഫിക് പൊലിസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ അല്പമെങ്കിലും പരിഭ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു പരിഭ്രമത്തിന്റെ ആവശ്യമില്ല. ഒരു ഡ്രൈവര്‍ എന്ന നിലയില്‍ നിങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. പക്ഷേ, അവ നാം അറിഞ്ഞിരിക്കണമെന്നു മാത്രം.

* നിങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പിഴ ഈടാക്കണമെങ്കില്‍ ട്രാഫിക് പൊലീസിന്റെ കൈവശം ചെല്ലാനോ, ഇ-ചെല്ലാന്‍ മെഷീനോ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ അവര്‍ക്ക് കഴിയില്ല.

* സ്വാഭാവികമായി വാഹനം നിര്‍ത്തിക്കുന്ന ട്രാഫിക് പൊലിസ് ആദ്യം ആവശ്യപ്പെടുക ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖകളുമാണ്. ഇവ കാണിക്കുക എന്നു മാത്രമാണ് മോട്ടോര്‍ നിയമം 130-ാം വകുപ്പ് പ്രകാരം അനുശാസിക്കുന്നത്. അത് കൈമാറ്റം ചെയ്യണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടമാണ്.

* പൊലീസുമായി നാം പൂര്‍ണമായും സഹരിക്കണം. അവരോട് മോശമായി പെരുമാറരുത്. നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് പൊലിസില്‍ വിശദ്ധീകരിക്കുക.

* ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക, ഓവര്‍സ്പീഡ്, നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, വാഹനത്തിലിരുന്ന് പുകവലി, രജിസ്റ്ററേഷന്‍ ഇല്ലാത്ത വാഹനം, ഇന്‍ഷുറന്‍സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുക തന്നെ വേണം.

* പൊലീസിന്റെ നിയമവിരുദ്ധ ആവശ്യങ്ങള്‍ക്ക് വഴങ്ങരുത്. പൊലീസിന് കൈക്കൂലി നല്കാന്‍ ശ്രമിക്കരുത്. പൊലീസ് യൂണിഫോമിലല്ലെങ്കില്‍ അവരുടെ ഐഡി കാര്‍ഡ് കാണിക്കുവാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം.

* പൊലീസ് ഓഫീസര്‍ റാങ്കിലെ സബ് ഇന്‍സ്‌പെടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ഈടാക്കാന്‍ അധികാരമുള്ളത്.

* ഡ്രൈവിംഗ് ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാതെ വാഹനമോടിച്ചാല്‍ പൊലീസിന് വാഹനം തടഞ്ഞു വയ്ക്കാം. വാഹനം രജിസ്സര്‍ ചെയ്യാത്ത പക്ഷവും ഇങ്ങനെ സംഭവിക്കാം.

* മദ്യപിച്ച് വാഹനമോടിക്കുക, സിഗ്നല്‍ ലൈറ്റ് നിയമങ്ങള്‍ തെറ്റിക്കുക, ഓവര്‍ലോഡിങ്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയാഗിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ പൊലീസിന് ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാവുന്നതാണ്.

* ട്രാഫിക് പൊലീസ് നിങ്ങളെ കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനകം വിചാരണയ്ക്കായി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കണം.

* ട്രാഫിക് പൊലീസ് നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് പൊലീസില്‍ പരാതി നല്കാം.

ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ അതിന്റെ പേരിലുള്ള ചൂഷണങ്ങളെ ചെറുക്കുക എന്നത് നമ്മുടെ അവകാശമാണ്.