കര്‍ണാടക ടൊയോട്ട കാര്‍ നിര്‍മാണത്തിന്റെ ഹബ്ബാകും; മൂന്നാമത്തെ പ്ലാന്റിനായി 3,300 കോടി നിക്ഷേപിച്ച് കമ്പനി; പ്രതിവര്‍ഷം മൂന്നുലക്ഷം കാറുകള്‍; 14000 പേര്‍ക്ക് ജോലി; സിദ്ധരാമയ്യ മാജിക്ക്

കര്‍ണാടകയെ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുടെ ഏറ്റവും വലിയ കാര്‍ ഉല്‍പാദന യൂണിറ്റാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബിഡദിയില്‍ 3,300 കോടി രൂപയുടെ പുതിയ കാര്‍ നിര്‍മാണ പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായതോടെയാണ് കര്‍ണാടകയ്ക്ക് ഈ നേട്ടം സ്വന്തമായത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറി (ടി.കെ.എം.)ന്റെ ബിഡദിയിലെ മൂന്നാമത്തെ കാര്‍ നിര്‍മാണ ശാലയാണിത്.

പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ പ്ലാന്റ്. ഇതുവഴി രണ്ടായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മസകസു യൊഷിമുറ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍, കിര്‍ലോസ്‌കര്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ഗീതാഞ്ജലി കിര്‍ലോസ്‌കര്‍ എന്നിവര്‍ സംബന്ധിച്ചു.

ബിഡദിയില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 1997-ലാണ് ആദ്യകാര്‍ നിര്‍മാണ പ്ലാന്റ് തുടങ്ങിയത്. 2010-ല്‍ രണ്ടാമത്തേതും. രണ്ട് പ്ലാന്റുകളിലുമായി പ്രതിവര്‍ഷം 3,10,000 കാറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി നിലവിലുണ്ട്. 12000 ജീവനക്കാരാണ് കര്‍ണാടകയിലെ ഫാക്ടറികളില്‍ ടെയോട്ടയ്ക്ക് ഉള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ശ്രമലമായി കോടികളുടെ നിക്ഷേപമാണ് കര്‍ണാടകയില്‍ എത്തിയിരിക്കുന്നത്.ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള യുഎസ് ആസ്ഥാനമായുള്ള സി 4 വി (4,015 കോടി രൂപ), ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എല്‍എന്‍ജി അലയന്‍സ് (2,250 കോടി രൂപ), അദാനി ഡാറ്റാ സെന്റര്‍ (5,000 കോടി രൂപ) എന്നിവയാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ കരാറില്‍ ഒപ്പുവച്ച മുന്‍നിര കമ്പനികള്‍.

ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ മറ്റൊരു നിര്‍മ്മാണ പ്ലാന്റും നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 8,800 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോക്സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ നിക്ഷേപം 14000-ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.

100 ഏക്കര്‍ സ്ഥലത്താണ് പദ്ധതി. തായ്വാനീസ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ഹൈദരാബാദിലെ ഒരു പുതിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ കേന്ദ്രത്തില്‍ 4,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 200 ഏക്കറില്‍ മൊത്തം പദ്ധതികള്‍ വ്യാപിപ്പിച്ചേക്കും.