'ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട്' സ്‌കീമുകള്‍ ഭാവിയില്‍ ലോണെടുക്കുമ്പോള്‍ പാരയാവുമോ? തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

 

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് ഏറെ പ്രചാരം നേടിയ രീതിയാണ് ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട് അഥവാ ബൈ നൗ പേ ലേറ്റര്‍ (ബി.എന്‍.പി.എല്‍) എന്ന ഇടപാട് രീതി. നിരവധി ഇ കൊമേഴ്‌സ് കമ്പനികളും ബാങ്കുകളും റിട്ടെയ്‌ലര്‍മാരും ഈ സേവനവുമായി രംഗത്തെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം കീശകാലിയായവരില്‍ ബി.എന്‍.പി.എല്‍ സ്‌കീമുകള്‍ കൂടുതല്‍ സ്വീകാര്യവും ആകര്‍ഷവുമായി.

എന്താണ് ബി.എന്‍.പി.എല്‍?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ പലിശയൊന്നുമില്ലാതെ പണം നല്‍കിയാല്‍ മതിയെന്നതാണ്് ഇപ്പോള്‍ വാങ്ങൂ, പണം പിന്നീട് സ്‌കീമുകളുടെ പ്രത്യേകത. വാങ്ങുന്നയാള്‍ക്കുവേണ്ടി ബി.എന്‍.പി.എല്‍ സേവനദാതാവ് കച്ചവടക്കാരന് പണം നല്‍കും. ക്രഡിറ്റ് കാര്‍ഡില്ലാത്ത പുതുതായി വായ്പയെടുക്കലിലേക്ക് വരുന്ന യുവാക്കളെയാണ് പ്രധാനമായും ഇത് ലക്ഷ്യമിടുന്നത്. ആദ്യതവണ ഉപഭോക്താവ് കെ.വൈ.സി ഫോര്‍മാലിറ്റികള്‍ ബി.എന്‍.പി.എല്‍ സേവനദാതാവിന് നല്‍കണം. ഇത് ഉപയോഗിച്ചാണ് സേവനദാതാവ് ഇയാള്‍ക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടയ്ക്കാന്‍ സാധ്യതയുണ്ടോയെന്ന കാര്യങ്ങളെല്ലാം അന്വേഷിക്കുന്നത്.

ബി.എന്‍.പി.എല്‍ സേവനങ്ങള്‍ ക്രഡിറ്റ് സ്‌കോറിനെ എങ്ങനെ ബാധിക്കും?

കേള്‍ക്കുമ്പോള്‍ ഏറെ ആകര്‍ഷകമായി തോന്നുന്നുണ്ട് അല്ലേ. വലിയ നൂലാമാലകളും ഫോര്‍മാലിറ്റികളുമൊന്നുമില്ലാതെ എളുപ്പത്തില്‍ ഒരു സാധനം കടംവാങ്ങാന്‍ കഴിയും എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇത്തരം ഇടപാടുകളിലേക്ക് പോകുന്നതിനു മുമ്പ് ഒരാളുടെ ക്രഡിറ്റ് സ്‌കോറിനെ ഈ ഇടപാട് ഏത് രീതിയില്‍ ബാധിക്കുമെന്നത് അറിയേണ്ടതുണ്ട്.

കടം തിരിച്ചുകൊടുക്കാനുള്ള വായ്പയാങ്ങുന്നയാളുടെ കഴിവിനെയാണ് ക്രഡിറ്റ് സ്‌കോര്‍ സൂചിപ്പിക്കുന്നത്. ഭാവിയില്‍ മറ്റേതെങ്കിലും ലോണുകളോ മറ്റോ എടുക്കേണ്ടിവരുമ്പോള്‍ ക്രഡിറ്റ് ഹിസ്റ്ററിയും പണംതിരിച്ചടക്കുന്ന രീതിയുമൊക്കെ വിലയിരുത്തിയുള്ള ക്രഡിറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കിയായിരിക്കും ലോണിന് നിങ്ങള്‍ യോഗ്യനാണോയെന്ന് തീരുമാനിക്കുക. ഇന്ത്യയിലെ സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ച് പുതുതായി ലോണെടുക്കുന്നവരെ മനസിലാക്കാനുള്ള സുപ്രധാന അളവുകോലാണ് ക്രഡിറ്റ് സ്‌കോര്‍. 300നും 900ത്തിനും ഇടയിലുള്ള ഒരു സംഖ്യയാണ് ക്രഡിറ്റ് സ്‌കോര്‍. ഇന്ത്യയിലെ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളാണ് ക്രഡിറ്റ് സ്‌കോര്‍ കണക്കുകൂട്ടുന്നത്.

നല്ല ക്രഡിറ്റ് ഹിസ്റ്ററിയില്ലാത്ത അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ യോഗ്യരല്ലാത്ത അതുകൊണ്ടുതന്നെ സാധാരണ നിലയിലുള്ള ലോണുകളോ ക്രഡിറ്റ് കാര്‍ഡുകളോ കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഭാഗം ആളുകള്‍ക്കിടയിലാണ് അടുത്തിടെയായി ബി.എന്‍.പി.എല്‍ ട്രെന്റാവുന്നത്. കാരണം കുറഞ്ഞ ക്രഡിറ്റ് സ്‌കോറുകളുള്ള ആളുകള്‍ക്കും ബി.എന്‍.പി.എല്‍ സൗകര്യം ലഭിക്കും എന്നതുതന്നെ. ക്രഡിറ്റ് വ്യവസായ രംഗത്തിന്റെയും റഗുലേറ്റര്‍മാരുടെയും ശ്രദ്ധ ബി.എന്‍.പി.എല്‍ ഇതിനകം തന്നെ പിടിച്ചുപറ്റിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ ക്രഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നതില്‍ താമസിയാതെ തന്നെ ഇത് കൂടി പരിഗണിക്കപ്പെടുമെന്നുമാണ് തവാഗ അഡൈ്വസറി സര്‍വീസിന്റെ സി.ഇ.ഒ നിതില്‍ മാഥുര്‍ പറയുന്നത്.

ലോണ്‍ മാര്‍ക്കറ്റില്‍ സാമ്പത്തികശേഷി കുറഞ്ഞവരായി കണക്കാക്കുന്നവരെയാണ് ബി.എന്‍.പി.എല്‍ നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ അത്തരം വ്യക്തിയെ സംബന്ധിച്ച് മികച്ച ക്രഡിറ്റ് പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കാന്‍ ബി.എന്‍.പി.എല്‍ ഇടപാടുകള്‍ വഴി സാധിക്കും. എങ്കിലും, ബി.എന്‍.പി.എല്‍ സേവനകള്‍ക്ക് പിന്നാലെ പോകുന്നതിനു മുമ്പ് ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം.

എന്തുതന്നെയായാലും ബി.എന്‍.പി.എല്‍ തിരിച്ചടച്ചിടേണ്ട ഒരു പേഴ്‌സണല്‍ ലോണാണ്. കൃത്യസമയത്ത് പണം തിരിച്ചടച്ചില്ലെങ്കില്‍ ഇതിനായി ഓരോരുത്തരും തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസൃതമായി സേവനദാതാവ് പണമോ ഫീസോ ഈടാക്കും. പണം പിന്നീട് നല്‍കിയാല്‍ മതിയെന്നതില്‍ ആകൃഷ്ടരായി തിരിച്ചടവിനെക്കുറിച്ചൊന്നും ചിന്തിക്കാതെ സ്വന്തം സാമ്പത്തിക നിലനോക്കാതെ വാങ്ങിക്കൂട്ടാനുള്ള സാധ്യതയും കൂടുതലാണ്. ഇങ്ങനെവരുമ്പോള്‍ അത് ക്രഡിറ്റ് സ്‌കോറിന് ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ബി.എന്‍.പി.എല്ലിലൂടെ ലോണുകള്‍ എടുക്കാന്‍ പോകുന്നതിനു മുമ്പ് തങ്ങളുടെ ഉള്ള ക്രഡിറ്റ് സ്‌കോര്‍ കൂടി പോകാതെ നോക്കണം.