കേരള ചിക്കന്‍ 51 കോടി വായ്പ പദ്ധതി; അപേക്ഷകള്‍ ഇന്ന് മുതല്‍ ലഭ്യം

കേരള ബാങ്കിന്റെ സഹായത്തോടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കോഴി ഫാമുകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ ഇന്ന് മുതല്‍ ലഭ്യമാകും. സ്വന്തമായി കോഴി ഫാമുകളുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. ഇതിനായുള്ള അപേക്ഷ ഫോമും മറ്റു വിശദ വിവരങ്ങളും ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ഇന്ന് മുതല്‍ ലഭിക്കുന്നതാണ്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഫാം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് വായ്പ ലഭിക്കും. അപേക്ഷ പരിശോധിച്ച ശേഷം ബ്രഹ്‌മഗിരി വിദഗ്ധ സംഘം നല്‍കുന്ന ശിപാര്‍ശ പ്രകാരമാണ് കേരള ബാങ്ക് വായ്പ അനുവദിക്കുക. ഇതിന് വേണ്ടി കര്‍ഷകര്‍-കേരളബാങ്ക്-ബ്രഹ്‌മഗിരി സംയുക്ത ധാരണാപത്രം ഒപ്പിടും.

കോഴി ഇറച്ചി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍. 51 കോടി രൂപയാണ് ഇതിനായി വായ്പ നല്‍കുക. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ വായ്പാ സഹായത്തോടെ 2000 കോഴി ഫാമുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

1000 കോഴികള്‍ അടങ്ങുന്ന 1000 ഫാമുകള്‍ ആരംഭിക്കുന്നതിന് ഈടില്ലാതെ ഏഴു ശതമാനം പലിശനിരക്കില്‍ 1.5 ലക്ഷം രൂപയും 2000 കോഴികള്‍ അടങ്ങുന്ന 700 ഫാമുകള്‍ ആരംഭിക്കാന്‍ ഈടോടുകൂടി ഏഴു ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെയും 8.5 ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നതാണ്. 3000 കോഴികളുള്ള 300 ഫാമുകള്‍ക്ക് ഈടോടുകൂടി 8.5 ശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം രൂപ വരെയും ലഭിക്കും.

1000, 2000 കോഴികളുള്ള ഫാം ഉടമക്ക് വായ്പാത്തുക രണ്ട് ലക്ഷം രൂപ വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മൂന്നു ശതമാനം പലിശ നിരക്കില്‍ വാര്‍ഷിക സബ്‌സിഡി കിട്ടുന്നതാണ്. ഫലത്തില്‍ നാലു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.

കര്‍ഷകരില്‍നിന്ന് വിത്ത് ധനം സ്വീകരിച്ച് 10-11 രൂപ വരെ വളര്‍ത്തുകൂലി നല്‍കിയാണ് ബ്രഹ്‌മഗിരി കേരള ചിക്കന്‍ പദ്ധതി നടത്തുന്നത്. ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍, മൃഗഡോക്ടര്‍, കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവരുടെ സേവനം ലഭ്യമാക്കേണ്ടത് ഏജന്‍സിയായ ബ്രഹ്‌മഗിരിയുടെ ചുമതലയാണ്. 1000 കോഴിവളര്‍ത്തുന്ന കര്‍ഷകന് സ്വകാര്യകമ്പനികള്‍ 10,000-12,000 രൂപ വരെ നല്‍കുമ്പോള്‍ കേരള ചിക്കന്‍ പദ്ധതിയില്‍ 16,000-22,000 രൂപ വരെ ലഭിക്കും.