ഡോളര്‍ നല്‍കിയുള്ള വ്യാപാരം ഇനിയില്ല; രൂപ അന്താരാഷ്ട്ര കറന്‍സിയാക്കാന്‍ നീക്കം; യുഎഇയില്‍ നിന്നും രൂപ നല്‍കി എണ്ണവാങ്ങി ഇന്ത്യ; പിറന്നത് ചരിത്രം

യുഎഇ ഭരണകൂടവുമായി ആദ്യമായി രൂപയില്‍ വ്യാപാരം നടത്തി ഇന്ത്യ. യുഎയില്‍ നിന്നും ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ പണമാണ് രൂപയില്‍ നല്‍കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാങ്ങിയ പത്തുലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് ഇന്ത്യ വില നല്‍കിയത്. ഇതു ഇന്ത്യന്‍ രൂപയില്‍ യുഎഇയുമായി നടത്തുന്ന ആദ്യവ്യാപാരവുമായി.

ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. ഊര്‍ജ ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ കൂടുതല്‍ മേഖലകളില്‍ പണമിടപാട് രൂപയില്‍ തന്നെ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഇറക്കുമതി ചെലവില്‍ ഗണ്യമായ നേട്ടമുണ്ടാക്കാന്‍ ഇത് സഹായിക്കും.

ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് രൂപയില്‍ പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാനും 2022 ജൂലൈ 11ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. പിന്നാലെ 2023 ജൂലൈയില്‍ ഇന്ത്യ യു.എ.ഇയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യന്‍ രൂപ അന്താരാഷ്ട്ര കറന്‍സിയായി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാറ നടത്തുന്നത്. റഷ്യയും ഇസ്രയേലും അടക്കം 18 രാജ്യങ്ങള്‍ ഡോളറിന് പകരം രൂപയില്‍ വ്യാപാരം നടത്താന്‍ സമ്മതിച്ചിട്ടുണ്ട്.