നികുതി അടയ്ക്കുന്നവരാണോ? ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ഈ പത്ത് രേഖകള്‍ നിര്‍ബന്ധം

ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയാണ് ആദായ നികുതി വകുപ്പ്. മുന്‍കൂറായി പൂരിപ്പിച്ച ഐ.ടി.ആര്‍ ഫോറങ്ങളിലൂടെയാണ് ഇത് ചെയ്യുന്നത്. വ്യക്തികള്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ഐ.ടി.ആര്‍ ഫയര്‍ ചെയ്യാന്‍ കഴിയും. ഈ വര്‍ഷം ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് കയ്യില്‍ കരുതേണ്ട രേഖകള്‍ ഇവയാണ്.

1. ഫോം 16

ഒരു സാമ്പത്തിക വര്‍ഷം നിങ്ങള്‍ക്ക് നല്‍കിയ ശമ്പളത്തിന്റെയും നികുതി കിഴിവിന്റെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തൊഴിലുടമ നല്‍കിയ ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റാണ് ഫോം 16. ഒരു തൊഴിലുടമ നിങ്ങളുടെ നികുതി കിഴിച്ചിട്ടുണ്ടെങ്കില്‍ ഫോറം 16 നല്‍കണമെന്നത് നിര്‍ബന്ധമാണ്. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജൂണ്‍ 15ന് മുമ്പ് ഇത് നല്‍കണം.

ഫോറം 16ന് രണ്ട് ഭാഗങ്ങളുണ്ട്. പാര്‍ട്ട് എ. പാര്‍ട്ട് ബി. ആദായ നികുതി വകുപ്പിന്റെ TRACES പോര്‍ട്ടലില്‍ നിന്നും രണ്ട് ഭാഗങ്ങളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2. ഫോറം 16എയും മറ്റ് ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റുകളും

ഫോറം 16ന് പുറമേ, ഓരോരുത്തരും അവരുമായി ബന്ധപ്പെട്ട മറ്റ് ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റുകളും ശേഖരിക്കേണ്ടതാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ പലിശ നാല്‍പ്പതിനായിരത്തിന് മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ അന്‍പതിനായിരത്തിന് മുകളിലാണെങ്കില്‍ ബാങ്ക് അതിന്റെ നികുതി കിഴിക്കും. ആ നികുതി കിഴിവിന് ബാങ്ക് വ്യക്തികള്‍ക്ക് ഫോറം 16എ നല്‍കേണ്ടതാണ്. അതുപോലെ മ്യൂച്വല്‍ ഫണ്ടുകളും കമ്പനികളും നിങ്ങള്‍ക്ക് കിട്ടിയ ലാഭവിഹിതത്തില്‍ അത് 5000ത്തിന് മുകളിലാണെങ്കില്‍ നികുതി കിഴിച്ചതിനുള്ള ഫോറം 16എ നല്‍കേണ്ടതാണ്.

അതുപോലെ 50000ത്തിനു മുകളില്‍ വാടകയായി കിട്ടുന്നയാളാണെങ്കില്‍ വാടകക്കാരില്‍ നിന്നും ഫോം 16 സി നേടിയിരിക്കണം. നിലവിലെ ആദായ നികുതി നിയമപ്രകാരം 50,000ത്തിനു മുകളില്‍ വാടക നല്‍കുന്നവര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന തുകയില്‍ നിന്നും നികുതി കിഴിക്കേണ്ടതുണ്ട്.

3. പലിശയിനത്തിലുള്ള വരുമാനവും മറ്റ് പലിശയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും

സേവിങ് അക്കൗണ്ട്, സ്ഥിര നിക്ഷേപം തുടങ്ങിയവയില്‍ നിന്നും പലിശയായി നേടുന്ന വരുമാനത്തിന്റെ പങ്കും ഐ.ടി.ആര്‍ ഫോറത്തില്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് പലിശ ലഭിക്കുന്ന ഇടങ്ങളില്‍ നിന്നും പലിശ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുകയും ഐ.ടി.ആറില്‍ കൃത്യമായ വരുമാന വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും വേണം.

ഈ സാമ്പത്തിക വര്‍ഷം ഹോം ലോണ്‍, വിദ്യാഭ്യാസ ലോണ്‍ എന്നിവ അടച്ചിട്ടുള്ളവരാണെങ്കില്‍ നികുതി ഇളവുകള്‍ നേടാന്‍ റീ പെയ്മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ടതാണ്.

4. ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ്

2021നവംബറില്‍ ആദായ നികുതി വകുപ്പ് ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റിന് തുടക്കമിട്ടിരുന്നു. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം വ്യക്തികള്‍ നല്‍കിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ ഈ സ്റ്റേറ്റ്മെന്റിലുണ്ടാവും.

ഓരോ വ്യക്തിയും എ.ഐ.എസില്‍ നിന്നും വിവരങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യുകയും അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും വരുമാനങ്ങളും ഐ.ടി.ആര്‍ ഫോറത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

5. ഫോറം 26എഎസ്

പുതിയ ആദായ നികുതി പോര്‍ട്ടലില്‍ നിന്നും വ്യക്തികള്‍ ഫോറം26എഎസ് ഡൗണ്‍ലോഡ് ചെയ്യണം. നിങ്ങളുടെ പാന്‍കാര്‍ഡില്‍ ലഭിച്ച നികുതി കിഴിവിന്റെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ 26എഎസിലുണ്ടാകും. ഈ വിവരങ്ങള്‍ ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റുമായും പലിശ സര്‍ട്ടിഫിക്കറ്റുകളുമായും ഒത്തുനോക്കണം. പാന്‍ കാര്‍ഡില്‍ തെറ്റുവന്നത് വഴി ചിലപ്പോള്‍ ടി.ഡി.എസ് കിഴിച്ചത് ഫോറം 26 എ.എസില്‍ വന്നെന്ന് വരില്ല.

6. നികുതി ലാഭമുള്ള നിക്ഷേപങ്ങളും, ചെലവുകള്‍ക്കുള്ള തെളിവുകളും

ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് കിഴിവുകള്‍ ആവശ്യപ്പെടാന്‍ നികുതി ലാഭിക്കാവുന്നി നിക്ഷേപങ്ങളുടെയും ചെലവിന്റെയും തെളിവുകള്‍ നല്‍കേണ്ടതുണ്ട്. സാധാരണയായി ഇത്തരം രേഖകള്‍ ഉയര്‍ന്ന ടി.ഡി.എസ് ഒഴിവാക്കാനായി മിക്കയാളുകളും തൊഴിലുടമയ്ക്ക് മുമ്പാകെ ഹാജരാക്കാറുണ്ട്. ഇനി ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ വിട്ടുപോയാല്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് അത് അവകാശപ്പെടാവുന്നതാണ്.

7.വസ്തുവോ ഷെയറോ മ്യൂച്വല്‍ ഫണ്ടോ വിറ്റതുകൊണ്ടുള്ള മൂലധന നേട്ടങ്ങള്‍:

വസ്തുവോ ഷെയറോ മൂച്വല്‍ ഫണ്ടോ വിറ്റതിലൂടെ നേടിയ നേട്ടങ്ങളും ഐ.ടി.ആര്‍ ഫയല്‍ ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

8.ആധാര്‍ നമ്പര്‍:

1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139എ.എ പ്രകാരം ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഒരു വ്യക്തി അയാളുടെ ആധാര്‍ ഹാജരാക്കണം. ആധാറിന് അപേക്ഷിച്ചിട്ട് കിട്ടിയില്ലയെന്ന സ്ഥിതിയാണെങ്കില്‍ ഐ.ടി.ആര്‍ ഫോറത്തില്‍ എന്റോള്‍മെന്റ് ഐ.ഡി നല്‍കാന്‍ മറക്കരുത്.

9. അണ്‍ലിസ്റ്റഡ് ഓഹരികളിലുള്ള നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍:

അണ്‍ലിസ്റ്റഡ് ഓഹരികളില്‍ (ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത) നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഈ വിവരം ഐ.ടി.ആറില്‍ വെളിപ്പെടുത്തേണ്ടതാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഐ.ടി.ആര്‍ 1ല്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. ഐ.ടി.ആര്‍ 2ലാണ് ഫയല്‍ ചെയ്യാന്‍ കഴിയുക. ഐ.ടി.ആര്‍ 2ല്‍ കമ്പനിയുടെ പേര്, ഏത് തരം കമ്പനിയാണ്, കമ്പനിയുടെ പാന്‍ 2021 ഏപ്രില്‍ ഒന്നിലുളള ഓപ്പണിങ് ബാലന്‍സ്, ആ വര്‍ഷം നേടിയ അണ്‍ലിസ്റ്റഡ് ഷെയറും അതിന്റെ വിശദാംശങ്ങളുമൊക്കെ നല്‍കണം.

10. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍:

ഈ സാമ്പത്തിക വര്‍ഷം നിങ്ങള്‍ക്കുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും അക്കൗണ്ട് ഈ വര്‍ഷം ക്ലോസ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണം.